തിരുവനന്തപുരം: ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്‌സ് കമ്പനിയിലെ തൊഴിലാളികൾക്ക് ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് നടത്തിയ ഉപവാസം യു.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ജയകുമാർ ഉദ്ഘാടനം ചെയ്‌തു. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചാണ് ഉപവാസം നടത്തിയത്. മാർച്ച് മാസം മുതൽ തൊഴിലാളികൾക്ക് ശമ്പളക്കുടിശിക നൽകാത്ത മാനേജ്‌മെന്റ് നടപടി പ്രതിഷേധാർഹമാണെന്ന് കെ. ജയകുമാർ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും നിവേദനം നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് എം. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കെ. അജയകുമാർ, എം. ഷാജഹാൻ, വി. മണികണ്ഠൻ, സുധി.കെ. പ്രസാദ്, ജി. ഹരിക്കുട്ടൻ എന്നിവർ ഉപവസിച്ചു. ജനറൽ സെക്രട്ടറി സി. രാജേന്ദ്രൻ, ജില്ലാ പ്രസിഡന്റ് എം. പോൾ, സെക്രട്ടറി കെ.വി. അനിൽകുമാർ, കെ. രാജേഷ് എന്നിവർ പങ്കെടുത്തു.