തിരുവനന്തപുരം: ജില്ലയ്ക്ക് വീണ്ടും ആശ്വാസമായി ചികിത്സയിലുണ്ടായിരുന്ന രണ്ട് കൊവിഡ് ബാധിതരും രോഗമുക്തി നേടി. ഇതോടെ തലസ്ഥാനം കൊവിഡ് മുക്തമായി. നെയ്യാറ്റിൻകര പത്താംകല്ല്, കന്യാകുമാരി മേലേപ്പാല സ്വദേശികളുടെ തുടർപരിശോധനാ ഫലങ്ങളാണ് തുടർച്ചായ പരിശോധനകൾക്ക് ശേഷം നെഗറ്റീവായത്. ഇവരുടെ പരിശോധനാഫലങ്ങൾ മൂന്ന് തവണ നെഗറ്റീവ് ആയെങ്കിലും ആദ്യ ഫലം പൊസിറ്റീവായതിനാൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു. ഇരുവരുടെയും സ്രവം കഴിഞ്ഞദിവസം പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ ഫലവും നെഗറ്റീവായതിനെ തുടർന്നാണ് ഇരുവരെയും രോഗമുക്തരായി പ്രഖ്യാപിച്ചത്.
അതേസമയം ഇന്നലെ ജില്ലയിൽ പുതുതായി 170 പേർ രോഗനിരീക്ഷണത്തിലായി. 92 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. രോഗലക്ഷണങ്ങളോടെ ഒൻപത് പേരെ കൂടി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 14 പേരെ ഡിസ്ചാർജ് ചെയ്തു. ആകെ 2774 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. മെഡിക്കൽ കോളേജിൽ 32 പേരും ജനറൽ ആശുപത്രിയിൽ ഏഴ് പേരും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരാളും എസ്.എ.ടി ആശുപത്രിയിൽ അഞ്ച് പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 15 പേരും ഉൾപ്പെടെ 59 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 111 സാമ്പിളുകളാണ് ഇന്നലെ പരിശോധനയ്ക്കായി അയച്ചത്. ഇന്നലെ ലഭിച്ച 111 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്. വിവിധയിടങ്ങളിലായി നടന്ന വാഹനപരിശോധനയിൽ 7,522 യാത്രക്കാരെ സ്‌ക്രീനിംഗ് നടത്തി.