തിരുവനന്തപുരം: രാജ്യത്ത് മൂന്നാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാന സർക്കാർ ഞായറാഴ്ചകളിൽ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത് ജാഗ്രത നിലനിറുത്താനുള്ള മുൻകരുതൽ. കേന്ദ്രസർക്കാർ നൽകിയ ഇളവുകളിൽ ചിലത് വേണ്ടെന്നുവച്ചതിനു പുറമേയാണ് ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗൺ.
മൂന്നാം ഘട്ട ലോക്ക് ഡൗൺ ആരംഭിച്ച ഇന്നലെ മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ റെഡ് സോൺ ഒഴിച്ചുള്ള മറ്റു ജില്ലകളിൽ ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങാനുള്ള ശ്രമം തുടങ്ങി. പൊതുഗതാഗതം ഇല്ലെങ്കിലും മറ്റുവാഹനങ്ങൾ അധികമായി നിരത്തിലിറങ്ങി. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് നിയന്ത്രണങ്ങളുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനാണ് ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
വാഹനങ്ങൾ നിരത്തിലിറങ്ങാനും കടകൾ തുറക്കാനും അനുവദിക്കില്ല. അക്ഷരാർത്ഥത്തിൽ ജനം 24മണിക്കൂർ വീട്ടിലിരിക്കണം. ഇതു സംബന്ധിച്ച വ്യക്തമായ മാർഗനിർദ്ദേശം ഉടൻ പുറത്തിറക്കും. നിലവിൽ സംസ്ഥാനത്ത് തുടർച്ചയായ ദിവസങ്ങളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ല. ഈ സാഹചര്യം ആശ്വാസമാണെങ്കിലും ഏതു നിമിഷവും സ്ഥിതിമാറാം. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾ എത്തിത്തുടങ്ങി. വരും ദിവസങ്ങളിൽ പ്രവാസികളും എത്തും. സാഹചര്യം മാറുന്നത് അനുസരിച്ച് ഗ്രീൻ, ഓറഞ്ച് സോണുകളിലുള്ള ജില്ലകളുടെ നിറം മാറാം. ചുവപ്പായി കഴിഞ്ഞാൽ സമ്പൂർണ ലോക്ക് ഡൗൺ, അല്ലാതെ പോംവഴിയില്ല. ഇത് കേന്ദ്രനിർദ്ദേശത്തിൽ വ്യക്തമാണ്. ജനങ്ങളെ വീണ്ടും വീട്ടിലിരുത്താൻ നിർബന്ധിതമാകേണ്ടിവരുമെന്ന ആശങ്ക സർക്കാരിനുമുണ്ട്. അത്തരമൊരു ഘട്ടമുണ്ടായാൽ അതുമായി പൊരുത്തപ്പെടാൻ ഞായറാഴ്ച ലോക്ക് ഡൗൺ അനുകൂലമാകുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.
ലോക്ക് ഡൗണിന്റെ ഗുണം സംസ്ഥാനത്ത് ഇപ്പോൾ പ്രകടമാണ്. എന്നാൽ വരും ദിവസങ്ങളിലുണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും വലിയ അപകടത്തിന് കാരണമാകും. മറ്റു സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ ഉയരുമ്പോഴും കേരളത്തിൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന വിവരം പുറത്തുവരുന്നതോടെ ജനങ്ങളുടെ ഭീതിമാറും. നിയന്ത്രണങ്ങൾ പാലിക്കാത്ത സ്ഥിതിവരും. അപകടം പൂർണമായി ഒഴിഞ്ഞെന്ന തെറ്റിധാരണയ്ക്കും ഇടയാക്കും. ഈ അവസ്ഥ ഒഴിവാകാനും ഞായറാഴ്ചകളിലെ അടച്ചിടൽ പ്രേരണയാകും.