തിരുവനന്തപുരം: നഗരസഭയും സ്വസ്‌തി ഫൗണ്ടേഷനും വിവിധ ഏജൻസികളും ചേർന്ന് പ്രാവർത്തികമാക്കുന്ന മാതൃകാകൃഷിത്തോട്ടം പദ്ധതി മാതൃകാപരമായ ചുവടുവയ്പാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പാലോട് രവി പറഞ്ഞു. വിഷവിമുക്തമായ മണ്ണും ഭക്ഷണവും ഉറപ്പാക്കാൻ ഈ കൂട്ടായ്മയിൽ അണിചേർന്നിരിക്കുന്ന കേരള പൊലീസ്, ഐ.എം.എ, ചേംബർ ഒഫ് കൊമേഴ്‌സ് , അസോസിയേഷൻ ഒഫ് അഗ്രികൾച്ചർ ഓഫീസേഴ്‌സ് കേരള, കേരള അഗ്രികൾച്ചറൽ ടെക്‌നിക്കൽ സ്റ്റാഫ് അസോസിയേഷൻ, നർമ്മദ ഷോപ്പിംഗ് കോംപ്ലെക്‌സ്, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ, ബി ഹബ്, യുണൈറ്റഡ് ഷിറ്ററിയോ കരാട്ടെ അസോസിയേഷൻ എന്നിവയെ അദ്ദേഹം അഭിനന്ദിച്ചു. ജനങ്ങളിൽ സ്വാശ്രയശീലം വളർത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും കോൺഗ്രസ് മുന്നിൽ കാണുമെന്നും പാലോട് രവി പ്രസ്‌താവനയിൽ പറഞ്ഞു.