നെയ്യാറ്റിൻകര: അമരവിളയിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയവരെ ജീപ്പിൽ കുത്തി നിറച്ച് പൊലീസ് സ്റ്റേഷനിലെത്തിച്ച് ഫൈൻ അടപ്പിച്ച സംഭവം ചർച്ചയായിരിക്കേ നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാർ മാസ്ക് ധരിക്കാതെ അതിർത്തിയിൽ പരിശോധനയ്ക്ക് എത്തിയതും വിവാദമാകുന്നു. ലോക്ക് ഡൗൺ ലംഘിച്ചതിനും മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിനും നിരവധി പേർക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തെങ്കിലും ഡിവൈ.എസ്.പി മാസ്ക് ധരിക്കാത്തത് ആരും ചോദ്യം ചെയ്തിരുന്നില്ല. തിരുവനന്തപുരം റൂറൽ എസ്.പിയും സ്ഥലത്തുണ്ടായിരുന്നു. കേരള - തമിഴ്നാട് അതിർത്തിയായ കാരാളി ചെക്ക് പോസ്റ്റിന് സമീപം ഇന്നലെ രാവിലെ പത്ത് മണിക്കാണ് സംഭവം. തമിഴ്നാട്ടിൽ താമസിക്കുന്ന മലയാളികൾ നാഗർകോവിൽ വഴി സ്വകാര്യ വാഹനങ്ങളിൽ കേരളത്തിലേക്ക് കടക്കുന്നത് പരിശോധിക്കാനെത്തിയതായിരുന്നു പൊലീസ് സംഘം. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച 10 പേർക്കെതിരെയും, മാസ്ക് ധരിക്കാത്ത 4 പേർക്കെതിരെയുമാണ് കേസെടുത്തത്. ഇതരസംസ്ഥനങ്ങളിൽ കുടുങ്ങി തിരികെ എത്തുന്നവരെ സ്ക്രീനിംഗ് പരിശോധനകൾക്ക് വിധേയരാക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഡിവൈ.എസ്.പി മാസ്ക് ധരിക്കാതെ നിന്നത്. തമിഴ്നാട്ടിൽ കോവിഡ് രോഗം പോസിറ്റീവായ ചില രോഗികളും അതിർത്തി കടന്ന് കേരളത്തിൽ ചികിത്സയ്ക്കെത്തിയതായും പരാതി ഉണ്ടായിരുന്നു. ഇതൊക്കെ അന്വേഷിക്കാൻ കൂടെയാണ് പൊലീസ് സംഘം കളിയിക്കാവിളയിലും കാരാളിയിലും എത്തിയിരുന്നത്. ഞായറാഴ്ച അമരവിളയിൽ അയൽവീട്ടിലെ മുറ്റത്ത് നിന്നിരുന്ന ഒരാളെയും മറ്റ് എട്ട് പേരെയും സാമൂഹ്യ അകലം പാലിക്കാതെ ജീപ്പിനുള്ളിൽ കുത്തിനിറച്ച് കൊണ്ടു പോയത് ഡി.ജി.പി അന്വേഷിക്കവെയാണ് ഇന്നലെ ഉന്നത ഉദ്യോഗസ്ഥൻ മാസ്ക് ധരിക്കാതെ റോഡിൽ പ്രത്യക്ഷപ്പെട്ടത്.