പാറശാല: ലോക്ക് ഡൗണിൽപ്പെട്ട് അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളിൽ 31 പേർ ഇന്നലെ കേരളത്തിലെത്തി. കന്യാകുമാരി, തിരുനെൽവേലി, മധുര, തൂത്തുക്കുടി ജില്ലകളിൽ നിന്നാണ് ഇവരെത്തിയത്. തമിഴ്‌നാടിന് സമീപം കേരള അതിർത്തിയിലെ ഇഞ്ചിവിളയിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക പരിശോധന കേന്ദ്രത്തിലെത്തിയ ഇവരെ ഇ‌ഞ്ചിവിളയിലെ ശിവശക്തി കല്യാണമണ്ഡപത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിലെത്തിച്ച് പരിശോധിച്ചു. തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്‌മാവ് പരിശോധിച്ച ശേഷം ഇവരെ വീടുകളിലേക്ക് അയച്ചു. 14 ദിവസം ഇവർ വീടുകളിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും. അതേസമയം രേഖകളിൽ പറഞ്ഞിരുന്ന വാഹനത്തിൽ അല്ലാതെ എത്തിയ രണ്ടുപേരെ മാർ ഇവാനിയോസ് കോളേജിലെ പ്രത്യേക ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി. രോഗലക്ഷണങ്ങളുള്ളവരെ കാരക്കോണം മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിക്കുക. പിന്നീട് ആവശ്യമെങ്കിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റും. കേരളത്തിൽ നിന്നുള്ള ആംബുലൻസുകൾ ഡൽഹിയിലെത്തിച്ച ശേഷം മടങ്ങിയ 15 ജീവനക്കാരും ഇന്നലെ ഇഞ്ചിവിളയിലെത്തി. രാവിലെ 8 മുതൽ വൈകിട്ട് 8 വരെ പ്രവർത്തിക്കുന്ന പരിശോധന കേന്ദ്രത്തിൽ ആറ് ഡോക്ടർമാരുണ്ട്. നേരത്തെ പ്രവർത്തിച്ചിരുന്ന ചെക്പോസ്റ്റിലെ കേന്ദ്രത്തിൽ രാത്രിയിൽ ഒരു ഡോക്‌ടറും ഡ്യൂട്ടിയിലുണ്ട്. ഇവിടെ ആരോഗ്യ പ്രവർത്തകരെ കൂടാതെ പൊലീസ്, ഫയർഫോഴ്‌സ്,എക്‌സൈസ്, ആർ.ടി.ഒ, റവന്യു, പി.ഡബ്ല്യു.ഡി വകുപ്പുകളിൽ നിന്നുള്ളവർക്ക് വേണ്ടിയുള്ള പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, ജില്ലാ കളക്ടർ ഗോപാലകൃഷ്ണൻ, ഡി.ഐ.ജി സഞ്ജയ് ഗുരുഡ്, റൂറൽ എസ്.പി അശോകൻ എന്നിവരും സ്ഥലത്തെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.