malayalie

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് റെയിൽവേ തയ്യാറെടുപ്പുകൾ തുടങ്ങിയെങ്കിലും,മടക്കയാത്രയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു.

ചെന്നൈ,​ ബംഗളൂരുഎന്നിവിടങ്ങളിൽ നിന്ന് മലയാളികളെ എത്തിക്കുന്നത് സംബന്ധിച്ച പട്ടിക ദക്ഷിണ റെയിൽവേ തയ്യാറാക്കുന്നു. എന്നാൽ തമിഴ്നാട്,​ കർണ്ണാടക സർക്കാരുകൾ വൈദ്യ പരിശോധന നടത്തി വിദ്യാർത്ഥികളെ ഉൾപ്പെടെയുള്ളവരെ റെയിൽവേ സ്റ്റേഷനുകളിൽ എത്തിക്കുന്നതിനുള്ള നടപടികൾ ഏറ്റെടുത്തിട്ടില്ല. സംസ്ഥാന സർക്കാർ വിവരം കേന്ദ്ര സ‌ർക്കാരിനെ അറിച്ചെങ്കിലും സംസ്ഥാനങ്ങൾ തമ്മിൽ ചർച്ച നടന്നിട്ടില്ല.

കെ.എസ്.ആർ.ടി.സിയുടേയും കർണ്ണാടക ആർ.ടി.സിയുടേയും സഹായത്തോടെ കർണ്ണാടകത്തിൽ നിന്നും മലയാളികളെ എത്തിക്കുന്ന കാര്യം സർക്കാർ ആലോചിച്ചെങ്കിലും ബസ് സ‌ർവീസിനു വേണ്ട അധികച്ചെലവിന്റെ കാര്യത്തിൽ തീരുമാനമായില്ല. അതിർത്തി വരെ വാഹനത്തിലെത്തിയാൽ സംസ്ഥാന സർക്കാർ വേണ്ട കാര്യം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഭീമമായ തുക മുടക്കി സംസ്ഥാന അതിർത്തി വരെ എത്താൻ കുറച്ചു പേർക്കേ കഴിയൂ. മുംബയ്,​ പൂന തുടങ്ങിയവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് നാട്ടിലെത്തണമെങ്കിഷ 25,​000 രൂപവരെ യാത്രാച്ചെലവാകും.

പണമോ ഭക്ഷണമോ താമസസൗകര്യമോ ചികിത്സാ സംവിധാനങ്ങളോ ഇല്ലാതെ പല സംസ്ഥാനങ്ങളിലും മലയാളികൾ ദുരിതത്തിലാണ്. കേരളത്തിൽ നിന്ന് അന്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ വിവിധ സംസ്ഥാനങ്ങളിലേക്കു സ്‌പെഷൽ ട്രെയിനുകൾ ഓടിക്കുന്നുണ്ട്. ട്രെയിൻ കടന്നുപോകുന്ന സംസ്ഥാനങ്ങളിൽ ഒട്ടേറെ മലയാളികൾ കുടുങ്ങിക്കിടക്കുന്നു. ആൾ ഇന്ത്യ മലയാളി അസോസിയേഷന്റെ കണക്കുപ്രകാരം കേരളത്തിലേക്ക് അടിയന്തര യാത്രാസൗകര്യം പ്രതീക്ഷിച്ച് ചെന്നൈയിൽ മാത്രമുള്ളത് അയ്യായിരത്തിലേറെ മലയാളികളാണ്.മുംബയ്, നാഗ്പൂർ, പൂന, റായ്പൂർ, വിജയവാഡ, വിശാഖപട്ടണം, ഭോപാൽ, ഇൻഡോർ, ലക്നൗ തുടങ്ങിയ സ്ഥലങ്ങളിലും ഏറെപ്പേർ കുടുങ്ങിക്കിടപ്പുണ്ട്.