തിരുവനന്തപുരം:ലോക്ക് ഡൗണിനോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിൽ പൊലീസ് പരിശോധന കർശനമായി തുടരുന്നു. ഇന്നലെ ലോക്ക് ഡൗൺ ലംഘനം നടത്തിയ 133 പേർക്കെതിരെ കേസെടുത്തു. 95 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 150പേർക്കെതിരെയും കേസെടുത്തു. കൂടുതൽ കേസുകൾ പൂജപ്പുര, ശ്രീകാര്യം, കഴക്കൂട്ടം സ്‌റ്റേഷനുകളിലാണ്. 77 ഇരുചക്ര വാഹനങ്ങളും 10 ആട്ടോറിക്ഷകളും 8 കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് ചാല മാർക്കറ്റിൽ ഏർപ്പെടുത്തിയ പുതിയ ക്രമീകരണങ്ങൾ തുടരും. പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം അവശ്യസാധനങ്ങളുമായി വരുന്ന ചരക്ക് വാഹനങ്ങൾക്ക് മാത്രമേ കിള്ളിപ്പാലം-ആര്യശാല വഴി ചാലയിലേക്ക് പ്രവേശനമുള്ളൂ. മറ്റു വാഹനങ്ങൾക്ക് ചാല മാർക്കറ്റിലേക്ക് ഇതുവഴി പ്രവേശനം അനുവദിക്കില്ല. ചാലയിലേക്ക് വരുന്നവർ വാഹനങ്ങൾ പവർഹൗസ്, അട്ടക്കുളങ്ങര ബൈപ്പാസ് റോഡുകളിൽ പാർക്ക് ചെയ്തശേഷം നടന്ന് കിഴക്കേകോട്ട വഴി മാത്രമേ ചാലയിൽ പ്രവേശിക്കാവൂ. കൊത്തുവാൾ സ്ട്രീറ്റ്, സഭാപതിറോഡ് എന്നിവിടങ്ങളിലൂടെയും ചരക്ക് വാഹനങ്ങൾക്ക് ചാല മാർക്കറ്റിലേക്ക് പ്രവേശിക്കാം. എല്ലാ ചരക്ക് വാഹനങ്ങളും കിഴക്കേകോട്ട വഴിയാണ് പുറത്തേക്ക് പോകേണ്ടത്.തുറന്നു പ്രവർത്തിക്കാൻ ഇളവു നൽകിയിട്ടുള്ള വ്യാപാര സ്ഥാപനങ്ങളിൽ പരിമിതമായ ജീവനക്കാരെയേ നിയോഗിക്കാവൂ. നിർബന്ധമായും ഇവിടങ്ങളിൽ സാമൂഹിക അകലം പാലിക്കണം. അതിനായി കയർ കെട്ടുകയോ കൂടുതൽ കൗണ്ടറുകൾ ഏർപ്പെടുത്തുകയോ ടോക്കൺ നമ്പർ സംവിധാനം നടപ്പിലാക്കുകയോ ചെയ്യേണ്ടത് കടയുടമയുടെ ഉത്തവാദിത്വമാണ്.