പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ മുഴുവൻ പച്ചക്കറികളും ചെങ്കൽ പഞ്ചായത്തിന്റെ ജനകീയ ഹോട്ടലിന് കൈമാറി. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദയുടെ നേതൃത്വത്തിൽ ക്ഷേത്രപരിസരത്ത് കൃഷിചെയ്ത പച്ചക്കറികളാണ് ജനകീയ ഹോട്ടലിന് സൗജന്യമായി നൽകിയത്. കഴിഞ്ഞ ദിവസം ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ സ്വാമി മഹേശ്വരാനന്ദയിൽ നിന്നും കെ. ആൻസലൻ എം.എൽ.എ പച്ചക്കറികൾ ഏറ്റുവാങ്ങി പ്രസിഡന്റ് വട്ടവിള രാജ്‌കുമാറിന് കൈമാറി. ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം, വി.കെ. ഹരികുമാർ, തുളസീദാസൻ നായർ, അസിസ്റ്റന്റ് കൃഷി ഡയറക്ടർ ജയാറാണി, കൃഷി ഓഫീസർ വി.എസ്. സത്യൻ, പ്രേംകുമാർ പള്ളിമംഗലം, ഓലത്താന്നി അനിൽ, കെ.എം. സുനിൽകുമാർ, ഷീജ, പ്രീജ തുടങ്ങിയവർ പങ്കെടുത്തു. പൂർണമായും ജൈവ വളങ്ങൾ ഉപയോഗിച്ച് നടത്തുന്ന കൃഷി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും സ്വാമി മഹേശ്വരാനന്ദ സരസ്വതി അറിയിച്ചു.