pic

ചെന്നൈ: തമിഴ്‌നാട്ടിൽ കുടുങ്ങിയ മലയാളികളുടെ നാട്ടിലേക്കുള്ള മടക്ക കാര്യത്തില്‍ കാലതാമസം. തമിഴ്നാട് സര്‍ക്കാരിന്‍റെ പാസ് ലഭിക്കാത്തതിനാല്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും തിരിച്ചു വരവ് ഇതുവരെ സാധ്യമായിട്ടില്ല. തമിഴ്നാട് വെബ്സൈറ്റില്‍ അപേക്ഷ നല്‍കാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്. അര ലക്ഷത്തിലേറെ മലയാളികളാണ് തമിഴ്നാട്ടില്‍ കുടുങ്ങിയിരിക്കുന്നത്.

നോര്‍ക്ക വെബ്സൈറ്റ് വഴി ഡിജിറ്റല്‍ പാസ് ലഭിച്ചവര്‍ക്കും തമിഴ്നാട്ടിലെ ജില്ലാ അതിര്‍ത്തികള്‍ കടക്കാനായിട്ടില്ല. ഇ പാസ് അനുവദിക്കുന്ന തമിഴ്നാട് സര്‍ക്കാരിന്‍റെ വെബ്സൈറ്റില്‍ സാങ്കേതിക തകരാര്‍ നേരിട്ടതാണ് തടസം. അപേക്ഷ നല്‍കിയിട്ടും തമിഴ്നാടിന്‍റെ പാസ് ലഭിക്കാത്തവരും നിരവധിയാണ്. മലയാളികളെ തിരികെയത്തിക്കാന്‍ മറ്റ് യാത്രാ സൗകര്യം ഇല്ലാത്തതിനാല്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ആശ്രയം. വാഹന സൗകര്യം ഇല്ലാത്ത നൂറ് കണക്കിന് വിദ്യാര്‍ത്ഥികളുടേയും തൊഴിലാളികളുടേയും മടങ്ങിപ്പോക്ക് പ്രതിസന്ധിയിലായിരിക്കുകയാണ്.