covid-

കൊല്ലം: കൊല്ലം ജില്ലയിലെ പ്രാക്കുളത്ത് സമ്പർക്കത്തിലൂടെ കൊവിഡ് പിടിപെട്ട നാല്‍പ്പത്തിയഞ്ചുകാരിക്ക് ഒരുമാസം കഴിഞ്ഞിട്ടും രോഗം ഭേദമായില്ല. പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. ഇവർ ഉൾപ്പെടെ മൂന്നുപേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്.കഴിഞ്ഞ മാസം 30നാണ് പ്രാക്കുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലാക്കിയത്.

വിദേശത്തു നിന്നെത്തിയ ബന്ധുവില്‍ നിന്നാണ് രോഗം പിടിപെട്ടത്. അന്നുമുതല്‍ ഇതുവരെ ആറ് പരിശോധനകള്‍ നടത്തി. എല്ലാം പോസിറ്റീവ് ഫലം തന്നെയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങളൊന്നും ഇതുവരെ ഇല്ല. മറ്റ് ആരോഗ്യ പ്രശ്നങ്ങളുമില്ല. പക്ഷേ 48 മണിക്കൂറിലെ രണ്ട് പരിശോധനകളില്‍ ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ ഡിസ്ചാര്‍ജ് ചെയ്യാനാകൂ.

ആര്‍.ടി പി.സി.ആര്‍ പരിശോധനയില്‍ ഇപ്പോഴും പോസിറ്റീവാണ് കാണിക്കുന്നത് ഒരു പക്ഷേ വൈറസിന്‍റെ ന്യൂക്ലിക് ആസിഡ് ഷെഡിംഗ് പ്രതിഭാസമാകാമെന്നാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. ഈ സമയത്ത് ഇവരില്‍ നിന്നും മറ്റുളളവരിലേക്ക് രോഗം പടരാനുള്ള സാധ്യത ഇല്ലെന്നതാണ് ആരോഗ്യ വകുപ്പ് അധികൃതർക്ക് ആശ്വാസം നൽകുന്നത്.