കിളിമാനൂർ: കൊവിഡിനെതിരെ തയാറാക്കിയ സന്ദേശ കാവ്യത്തിന്റെ ദൃശ്യാവിഷ്കാരത്തിലൂടെ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് കവയിത്രിയും കഥാകാരിയും, നോവലിസ്റ്റുമായ സന്ധ്യാജയേഷ് പുളിമാത്ത്. വീണ്ടും അടുക്കുവാൻ വേണ്ടി ഇപ്പോൾ അകന്ന് കഴിയണമെന്നും കെട്ടിപ്പിടിക്കലും ഹസ്തദാനങ്ങളും ഒഴിവാക്കി കൂപ്പുകൈ പോരേ എന്നുമാണ് കവയിത്രി വരികളിലൂടെ ആവശ്യപ്പെടുന്നത്. ഇഷ്ടം പലവിധം കാട്ടിയാൽ കഷ്ടമാവുന്നത് സ്വന്തം ജീവനാണ് എന്ന സന്ദേശവും നൃത്തരൂപത്തിലൂടെ ഓർമ്മിപ്പിക്കുന്നു. പ്രത്യാശയുടെ വെളിച്ചം നൽകുന്ന കവിതയിലെ
അവസാന ഭാഗം ഇങ്ങനെയാണ് "അകന്നു നിന്ന് ചെറുത്തിടാം മൃത്യുവിൻ കരങ്ങളെ കരുതൽ കൊണ്ട് വീണ്ടെടുക്കാം ആരോഗ്യമുള്ളൊരിന്ത്യയെ... " ആലാപനം ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ പട്ടം സ്വദേശിനി ജി.എസ്. അഥീനയും നൃത്താവിഷ്കാരം സ്വദേശിനി ശ്രീലക്ഷ്മിയുമാണ്. സംഗീതം നൽകിയത് സംഗീത അദ്ധ്യാപകനായ ഹരിമുരളിയാണ്. കിളിമാനൂർ പുളിമാത്ത് സ്വദേശിയും നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സണുമായ സന്ധ്യ ജയേഷ് സാമൂഹിക പ്രവർത്തകയുമാണ്. തിരുവള്ളുവർ പുരസ്‌കാരം, ഡോ. അംബേദ്കർ നാഷണൽ ഫെലോഷിപ്പ്, ദേവജ പുരസ്‌കാരം, ജഗ്ജീവൻറാം പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.