calvin-munerlyn-

ലോസ്ആഞ്ചലസ് : ഫേസ്മാസ്ക് ധരിക്കാതിരുന്ന മകളെ കടയ്ക്കുള്ളിലേക്ക് പ്രവേശിക്കുന്നത് വിലക്കിയ സെക്യൂരിറ്റി ജീവനക്കാരനെ കുട്ടിയുടെ അമ്മയും അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. യു.എസിൽ കൊവിഡ് 19 ഏറ്റവും കൂടുതൽ നാശം വിതച്ചു കൊണ്ടിരിക്കുന്ന മിഷിഗൺ സംസ്ഥാനത്താണ് സംഭവം.

മിഷിഗണിലെ ഫ്ലിന്റിൽ സ്ഥിതി ചെയ്യുന്ന സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റിയായ കാൽവിൻ മ്യൂണർലിൻ എന്ന 43 കാരനാണ് തലയ്ക്ക് പിന്നിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.മിഷിഗണിൽ ഫേസ്മാസ്ക് നിർബന്ധമാക്കിയിരിക്കുന്നതിനാൽ മാസ്ക് ഇല്ലാതെ കടയ്ക്കുള്ളിലേക്ക് പ്രവേശിപ്പിക്കാനാകില്ലെന്ന് പെൺകുട്ടിയോട് കാൽവിൻ പറയുകയായിരുന്നു. തുടർന്നാണ് കുട്ടിയുടെ അമ്മ ഷാർമെൽ ടീഗ് ( 45 ), പിതാവ് ലാറി ടീഗ് ( 44), ഇവരുടെ മകൻ റമോനീയ ബിഷപ് (23 ) എന്നിവർ ചേർന്ന് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചത്. മകനാണ് സെക്യൂരിറ്റി ജീവനക്കാരനെ വെടിവച്ചത്. ഷാർമലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഭർത്താവും മകനും ഒളിവിലാണ്.

dead

പുറത്തിറങ്ങുന്നവർ കർശനമായും ഫേസ്മാസ്ക് ധരിക്കണമെന്ന് മിഷിഗൺ ഗവർണർ ഗ്രെറ്റ്ചെൻ വിറ്റ്മർ ഉത്തരവിട്ടിരുന്നു. മാസ്ക് ധരിക്കാത്തവരെ ഉള്ളിലേക്ക് പ്രവേശിപ്പിക്കാതിരിക്കാൻ കടകൾക്കും അനുവാദമുണ്ടായിരുന്നു. 43,950 പേർക്കാണ് മിഷിഗണിൽ ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 4,135 പേർ മരിച്ചു. ഗവർണർ നടപ്പാക്കുന്ന സ്റ്റേ അറ്റ് ഹോം നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആയുധധാരികൾ ഉൾപ്പെടെയുള്ളവർ കഴിഞ്ഞാഴ്ച സംസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.