തിരുവനന്തപുരം:നാട്ടിലേക്ക് മടങ്ങാനാവുന്ന സന്തോഷത്തിനിടയിലും വിമാനടിക്കറ്റ് ചാർജ് യാത്രക്കാർ വഹിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം പ്രവാസികൾക്ക് ആശങ്കയുണ്ടാക്കുന്നു. ജോലിനഷ്ടപ്പെട്ടവരെയാണ് ഇത് ഏറെ ആശങ്കപ്പെടുത്തുന്നത്. കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് പതിമൂവായിരം രൂപയായിരിക്കുമെന്നാണ് ഇന്ത്യൻ എംബസി സൂചിപ്പിക്കുന്നത്. കേന്ദ്രസർക്കാർ ഇടപെട്ട് അർഹതപ്പെട്ടവർക്കെങ്കിലും ടിക്കറ്റ് സൗജന്യമാക്കണമെന്നാണ് ദുരിതത്തിലായ തൊഴിലാളികളടക്കമുള്ളവരുടെ ആവശ്യം.
പ്രവാസികളിൽ പലർക്കും ഒരുമാസമായി ജോലിയോ ശമ്പളമോ ഇല്ലാത്ത അവസ്ഥയിലാണ്.ചിലർ വേതനമില്ലാതെ നിർബന്ധിത അവധിയിലുമാണ്.ഇവർക്കാണ് ടിക്കറ്റ് ചാർജ് പ്രശ്നമാകുന്നത്. ഭക്ഷണംപോലും കഴിക്കാൻവകയില്ലാത്തവർക്ക് ചിന്തിക്കാൻ പോലുമാകാത്തത്ര ഉയർന്നതാണ് ഈ തുക. തങ്ങളുടെ ദയനീയാവസ്ഥ മനസിലാക്കി ടിക്കറ്റിനു പണമില്ലെന്ന കാരണത്താൽ മടക്കയാത്രക്കുള്ള അവസരം നിഷേധിക്കരുതെന്നാണ് അവരുടെ അഭ്യർത്ഥന. കേന്ദ്ര,സംസ്ഥാന സർക്കാരുകൾ തങ്ങളുടെ കാര്യത്തിൽ എത്രയും പെട്ടെന്ന് ഇടപെടണമെന്നും അവർ ആവശ്യപ്പെടുന്നു.