തിരുവനന്തപുരം - ഗൾഫ് ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്ന് മലയാളികൾ വ്യാഴാഴ്ചമുതൽ നാട്ടിലെത്താനിരിക്കെ തിരുവനന്തപുരമുൾപ്പെടെ വിവിധ ജില്ലകളിൽ അവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി ഹോട്ടലുകളും ബഹുനിലമന്ദിരങ്ങളുമുൾപ്പെടെ നിരവധി കെട്ടിടങ്ങൾ ക്വാറന്റൈൻ
കേന്ദ്രങ്ങൾക്കും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്കുമായി കണ്ടെത്തി.
നോർക്ക രജിസ്ട്രേഷൻ പ്രകാരം അയൽ സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുൾപ്പെടെ മലയാളികൾ മടങ്ങിവരാനിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എന്നിവയെ കൊവിഡ് ആശുപത്രികളാക്കി മാറ്റും. ആശുപത്രിയിലെ മറ്റ് സേവനങ്ങൾക്ക് തടസം വരാത്തവിധമായിരിക്കും കൊവിഡ് ആശുപത്രികളുടെ പ്രവർത്തനം. ഇതുൾപ്പെടെ ജില്ലയിലെ തയ്യാറെടുപ്പുകളുടെ അവസാനഘട്ട വിലയിരുത്തലിനായി ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ , ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേരും. അയൽ സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്താൻ നോർക്കവഴി രജിസ്റ്റർചെയ്ത കൂടുതൽപേർ ഇന്ന് അതിർത്തികൾ വഴി നാട്ടിലേക്ക് എത്താനിരിക്കെ ഇവരിൽ ആവശ്യമുള്ളവരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കാനുള്ള സൗകര്യങ്ങളും സജ്ജമായിട്ടുണ്ട്.
വിദേശത്ത് നിന്ന് വിമാനത്താവളത്തിലെത്തുന്നവരെ കർശന പരിശോധനകൾക്ക് ശേഷമേ പുറത്തേക്ക് കടക്കാൻ അനുവദിക്കൂ.വിമാനത്താവളത്തിൽ അകലവും സുരക്ഷാ ക്രമീകരണവും പാലിച്ചാണ് കോവിഡ് സ്ക്രീനിംഗ്. രോഗ ലക്ഷണമൊന്നുമില്ലാത്തവർക്ക് കൊവിഡ് മാനദണ്ഡങ്ങളും സുരക്ഷാ നിർദേശങ്ങളും പാലിക്കുമെന്ന ഉറപ്പിൽ വീടുകളിലേക്ക് പോകാം. രോഗലക്ഷണമുള്ളവരെ സർക്കാരിന്റെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റും. നിരീക്ഷണത്തിലിരിക്കെ പരിശോധനാഫലം പോസിറ്റീവായാൽ കോവിഡ് കേന്ദ്രത്തിലേക്കു മാറ്റും. 14 ദിവസം വീടുകളിൽ ക്വാറന്റൈനിൽ പോകുന്നവർക്ക് പ്രത്യേക മുറിയും ശുചിമുറിയും വേണം. ഇല്ലെങ്കിൽ സർക്കാർ വക ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറണം. വീട്ടിൽ രോഗം ബാധിക്കാനിടയുള്ളവരുണ്ടെങ്കിൽ സർക്കാർ ഒരുക്കുന്ന കെട്ടിടത്തിൽ താമസിക്കണം. ഹോട്ടലിൽ താമസിക്കണമെന്നുള്ളവർക്ക് സ്വന്തം ചെലവിലാകാം.
വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും മടങ്ങിയെത്തുന്നവർ മാനദണ്ഡങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതും സുരക്ഷയൊരുക്കേണ്ടതും പൊലീസിന്റെ ചുമതലയാണ്.. ആരോഗ്യ പരിശോധനയുടെ ഉത്തരവാദിത്വം ആരോഗ്യവകുപ്പിനാണ്.