ന്യൂഡൽഹി: രാജ്യത്തെയാകെ ഞെട്ടിച്ച് ഇന്നലെ മാത്രം കൊവിഡിൽ മരിച്ചത് 195 പേര്‍. രാജ്യത്തെ ആകെ മരണ സംഖ്യ 1568 ആയി. രോഗികളുടെ എണ്ണം 46,000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ 14541 കൊവിഡ് ബാധിതരാണുള്ളത്. ബംഗാളില്‍ രോഗികളുടെ എണ്ണം ആയിരം കടന്നു.
കൊവിഡ് ഭീതിയിൽ നിന്ന് കര കയറാൻ മഹാരാഷ്ട്രയ്ക്ക് ഇതു വരെ കഴിയാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മുംബയിലാണ് ഇപ്പോഴും രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. ഡൽഹിയിലും കൊവിഡ് കേസുകൾ വർദ്ധിക്കുകയാണ്. ആകെ കേസുകൾ 4898 ആയി. രാജ്യതലസ്ഥാനത്ത് ലോക്ക് ഡൗൺ ലംഘിച്ച് നിരവധി പേരാണ് ഇന്നലെ പുറത്തിറങ്ങിയത്. ഇത് രോഗവ്യാപനത്തിനു കാരണമായേക്കുമോ എന്ന ആശങ്കയുയരുന്നുണ്ട്. രാജസ്ഥാനിൽ രോഗബാധിതരുടെ എണ്ണം മൂവായിരം കടന്നു.
ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ആയി. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 2766 ആണ്. ഇന്നലെ മാത്രം 11 മരണങ്ങൾ റിപ്പോർട്ട് ചെയ്തോടെ ബംഗാളിൽ മരണസംഖ്യ 61 ആയി ഉയർന്നു. രോഗ ബാധിതർ 1259 ആണ്. ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ ബംഗാൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രീൻ സോണിൽ 50 ശതമാനം യാത്രക്കാരുമായി ബസുകൾക്ക് ഓടാൻ അനുമതി നൽകി. ഗ്രീൻ സോണിൽ ബാർബർ ഷോപ്പുകൾ തുറക്കാനുള്ള നിർദേശം ബംഗാൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.