വാഷിംഗ്ടൺ: കൊവിഡ് പിടികൊടുക്കാതെ ലോകരാഷ്ട്രങ്ങളെ ഞെട്ടിക്കുകയാണ്. ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 35.78 ലക്ഷമായി ഉയർന്നു.രണ്ടര ലക്ഷത്തിലേറെപ്പേരുടെ ജീവനാണ് കൊവിഡ് കവർന്നെടുത്തത്. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുപ്രകാരം 2.51 ലക്ഷം പേരാണ് മരിച്ചത്. പതിനൊന്നര ലക്ഷത്തിലധികം രോഗികളുള്ള അമേരിക്കയിൽ 68,689 പേർ മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ 306 പേർകൂടി മരിച്ചതോടെ ഫ്രാൻസിൽ മരണ സംഖ്യ 25,000 കടന്നു. യു.കെയിൽ 288 പേരും, ഇറ്റലിയിൽ 195 പേരും മരിച്ചതോടെ കൊവിഡ് ഭീതി പരത്തി പരക്കുകയാണ്. തുർക്കിയിൽ മരണസംഖ്യ 3,461 ആയി. ബംഗ്ളാദേശിൽ രോഗികളുടെ എണ്ണം പതിനായിരം പിന്നിട്ടു.
കടകൾ തുറക്കുന്നതോടെ അമേരിക്കയിൽ ദിനംപ്രതി മൂവായിരം പേർ മരിച്ചേക്കാമെന്നാണ് യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ നൽകുന്ന വിവരം. 11.78 ലക്ഷം പേർക്കാണ് അമേരിക്കയിൽ രോഗം പിടിപെട്ടിട്ടുള്ളത്. സ്‌പെയിനിൽ 2.18 ലക്ഷം പേർക്കും ഇറ്റലിയിൽ 2.11 ലക്ഷം പേർക്കും രോഗമുണ്ട്. ഇറ്റലിയിൽ 29,079 പേരാണ് മരിച്ചത്. യു.കെയിൽ 28,734 പേരും സ്‌പെയിനിൽ 25,428 പേരും മരിച്ചു. 11.62 ലക്ഷം പേരുടെ രോഗം ഭേദമായി. ഇതിൽ 1.87 ലക്ഷം പേർ അമേരിക്കയിലാണ്. ജർമനിയിൽ 1.32 ലക്ഷം പേരുടെയും സ്‌പെയിനിൽ 1.21 ലക്ഷം പേരുടെയും രോഗം മാറി.