mamtha-banarjee-

കൊൽക്കത്ത: കൊവിഡ് പ്രതിരോധത്തെപ്പറ്റി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഗവർണർ ജഗദീപ് ധൻകറും നടത്തുന്ന വാക്പയറ്റ് കത്തിക്കയറുമ്പോൾ സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട്. മമത പറയുന്ന കണക്കുകൾ വെറും കള്ളമെന്നാണ് സംഘത്തിന്റെ കണ്ടെത്തൽ. രോഗികളുടെ എണ്ണത്തിലും മരിച്ചവരുടെ കണക്കിലും മമത സർക്കാർ കള്ളം നിരത്തുകയാണ്. സംസ്ഥാനത്ത് ഒന്ന് പറയുന്നു കേന്ദ്രത്തിന് മറ്റൊന്ന് നൽകുന്നു. ശരിക്കും രാജ്യത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചത് ബംഗാളിലാണെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ. ഇതോടെ ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള തുറന്ന് പോര് കൂടുതൽ ശക്തമായി മുന്നേറാനാണ് സാദ്ധ്യത.

ബംഗാളിൽ മമത സർക്കാർ രോഗവ്യാപനം തടയാൻ ഒന്നും ചെയ്യുന്നില്ലെന്നാണ് കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട്. ഇതിനായി വിവരങ്ങളിൽ കൃത്രിമം കാണിക്കുന്നു. കൊവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വലിയ ക്രമക്കേട് നടന്നു. ബംഗാൾ സർക്കാർ പുറത്തിറക്കുന്ന മെഡിക്കൽ ബുള്ളറ്റിനിലും കേന്ദ്ര സർക്കാരിന് നൽകുന്ന കണക്കിലും വ്യത്യാസമുണ്ട്.

കൊവിഡ് രോഗികൾ 744 എന്നാണ് ഏപ്രിൽ 31ലെ മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നത്. അതേ ദിവസം കേന്ദ്ര സർക്കാരിനെ അറിയിച്ചത് 931 എന്നാണ്. 187 രോഗികളുടെ വ്യത്യാസമുണ്ട്. 72 മരണം മറ്റു രോഗങ്ങൾ കാരണമാണെന്നാണ് അവകാശപ്പെട്ടത്. മേയ് ഒന്ന്, രണ്ട് തീയതികളിലെ മെഡിക്കൽ ബുള്ളറ്റിനിൽ രോഗികളുടെയും മരിച്ചവരുടെയും വിവരങ്ങളില്ല. രോഗം റിപ്പോർട്ട് ചെയ്യുന്നതിൽ സംസ്ഥാനം സുതാര്യതയും സ്ഥിരതയും പുലർത്തണം. വൈറസ് വ്യാപനം കുറച്ചുകാണരുതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

സംസ്ഥാനത്തെ മരണനിരക്ക് 12.8 ശതമാനമാണെന്നും ഇത് രാജ്യത്തെ ഏറ്റവും കൂടുതലാണെന്നും സംഘത്തിന് നേതൃത്വം നൽകിയ അപൂർവ ചന്ദ്ര പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇത്രയും ഉയർന്ന മരണനിരക്ക്, കുറഞ്ഞ പരിശോധനയുടെയും ദുർബലമായ നിരീക്ഷണത്തിന്റെയും ട്രാക്കിംഗിന്റെയും ഫലമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ബംഗാളിൽ പൊലീസ് ഭരണമാണ് നടക്കുന്നതെന്ന് ഗവർണർ ജഗദീപ് ധൻകർ മുഖ്യമന്ത്രി മമത ബാനർജിക്ക് അയച്ച കത്തിൽ കുറ്റപ്പെടുത്തുന്നു. ഭരണഘടനാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്വേച്ഛാധിപത്യ ഭരണമാണ്. സർക്കാരിനെ വിമർശിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റിടുന്നവരുടെ വീടുകളിൽ പൊലീസ് എത്തുന്ന സ്ഥിതിയാണെന്നും ഗവർണർ കത്തിൽ പറയുന്നു.