himalayas

സഞ്ചരിക്കുന്നവയെല്ലാം പിന്നിടുന്ന വഴി എന്തെങ്കിലും അടയാളമോ കാല്പാടുകളോ സൃഷ്ടിക്കുന്നു. ചരിത്രവും പുരാണങ്ങളും കലണ്ടറുകളുമെല്ലാം അതിന്റെ പ്രതീകമാണ്. ചെറുതും വലുതുമായ യാത്രകളെല്ലാം സഞ്ചാരിയുടെ വിരലടയാളങ്ങളാണ്.

ഹരിദ്വാർ: ദേവകവാടം

എത്രകാലം സഞ്ചരിച്ചാലും എത്രവട്ടം കണ്ടാലും മതിവരാത്തതാണ് ഹിമാലയ ദൃശ്യങ്ങൾ. ലോകത്തെ ഏറ്റവും പൊക്കമേറിയ എവറസ്റ്റ് കൊടുമുടി, മനുഷ്യസ്പർശമേൽക്കാത്ത കൈലാസം ചതുർധാമങ്ങളായ കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലേക്കുള്ള യാത്രകളുടെ പ്രവേശന കവാടമാണ് ഹരിദ്വാർ എന്നു പറയാം. ഗംഗയുടെ സൗന്ദര്യം ഏറ്റവും നന്നായി ആസ്വദിക്കാൻ പറ്റുന്നത് ഇവിടെയാണ്. ശിവാലിക് കുന്നുകൾ ഹരിദ്വാറിന് ദ്വാരപാലകരായി നിൽക്കുന്നു. പുരാണങ്ങളിൽ മായാപുരി എന്ന് വിശേഷിപ്പിക്കപ്പെടുന്നു. രണ്ടു മലമുകളിലായി സ്ഥിതിചെയ്യുന്ന മനസാദേവീക്ഷേത്രവും ചണ്ഡീദേവീക്ഷേത്രവും സുന്ദര ദൃശ്യങ്ങൾ.

ദേവഭൂമിയായ ഹിമാലയത്തിലേക്കുള്ള ഗിരികവാടവും ഹരികവാടവുമാണ് ഇവിടം. ഗംഗയുടെ സമതല പ്രവേശന സ്ഥാനമാണ് ഹരിദ്വാർ. ഇവിടെയെത്തുമ്പോൾ ഗംഗ ഒന്നേയുള്ളൂ. അതിനു മുകളിൽ പല പേരുകൾ. മന്ദാകിനി, ഭാഗീരഥി, ജാഹ്‌നവി, അളകനന്ദ.

ലോകത്തിലെ ആദ്യത്തെ ഭാഗവത സപ്താഹം നടന്ന പുണ്യഭൂമിയാണ് ഹരിദ്വാർ. ദീർഘകാലം തപസ്സനുഷ്ഠിച്ച ശ്വേതകേതു മഹാരാജാവിന് മുന്നിൽ ബ്രഹ്മദേവൻ പ്രത്യക്ഷപ്പെട്ട സ്ഥലം ദക്ഷപ്രജാപതിയെ നിഗ്രഹിച്ചശേഷം സംഹാരതാണ്ഡവമാടിയ ശ്രീപരമേശ്വരനെ ഭക്തർ സ്തുതിഗീതങ്ങളാൽ ശാന്തമാക്കിയ സ്ഥലം. ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരുടെ പാദരേണുക്കൾ ശിരസിലണിഞ്ഞ പവിത്രഭൂമി.

ബ്രഹ്മാവിന്റെ മനോസൃഷ്ടിയായ മാനസസരസും ശിവചൈതന്യത്തിന്റെ കൊടുമുടിയായ കൈലാസവും മൗലിയിലേറ്റിയ ഹിമാലയം. പടിഞ്ഞാറ് ഹിന്ദുക്കുഷ് മുതൽ കിഴക്ക് വിയറ്റ്‌നാമും ബർമ്മയും ചൈനയും സമ്മേളിക്കുന്നിടം വരെ ഹിമാലയ പംക്തികളാണ്. പാദങ്ങൾ ശിവാലിക് കുന്നുകൾ. ശിരസ് കൈലാസവും.

ഹരിദ്വാറിൽ നിന്ന് മനസാദേവി ക്ഷേത്രത്തിലേക്ക് സഞ്ചരിക്കുമ്പോൾ സപ്തസരോവരം കാണാം. ഇവിടെ ഗംഗ ഏഴായി പിരിഞ്ഞൊഴുകുന്നു. തപസ്സനുഷ്ഠിച്ച സപ്തർഷികൾക്കായി ഏഴു ആശ്രമങ്ങൾക്കരികിലൂടെയും ഒഴുകിയെന്നാണ് വിശ്വാസം.

സന്ധ്യയ്ക്ക് ഹരിദ്വാറിലെ ഗംഗാ ആരതിയാണ് ഏറ്റവും വിശിഷ്ടം. ഗംഗയിലൂടെ ഓളങ്ങളിൽ നൃത്തമാടിപ്പോകുന്ന ആരതി ദീപങ്ങൾ ഹരിദ്വാറിന് ഒരു സ്വർഗീയഛായ പകരുന്നു. ഹരിദ്വാർ പുണ്യഘട്ടങ്ങളുടെ സംഗമ സ്ഥലം കൂടിയാണ്. ദത്താത്രേയ മഹർഷി ആയിരത്തൊന്നു സംവത്സരം ഒറ്റക്കാലിൽ നിന്ന് തപസു ചെയ്ത കുശാഘട്ടും ഇവിടെയാണ്.