പാരീസ് : കഴിഞ്ഞ ദിവസം മുതൽ ഏഷ്യയിലെയും യൂറോപ്പിലെയും പല രാജ്യങ്ങളും സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രധാന ഇളവുകൾ വരുത്തിയിരിക്കുകയാണ്. ആഗോളതലത്തിൽ രണ്ട് ലക്ഷത്തിലേറെ പേരുടെ മരണത്തിനിടെയാക്കിയിരിക്കുന്ന കൊവിഡിന്റെ വ്യാപനം അത്രവേഗം പൂർണമായി തുടച്ചുനീക്കാനാവാത്തതിനാൽ, നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് സാവധാനമാകണമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയൊരു പ്രതിസന്ധി ലോകരാജ്യങ്ങൾ നേരിടുന്നത്. കോടിക്കണക്കിന് ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. അടച്ചു പൂട്ടൽ നയം ഇനിയും തുടരുകയാണെങ്കിൽ വൻ സാമ്പത്തിക മാന്ദ്യം നേരിടേണ്ടി വരുമെന്നതിനാലാണ് മിക്ക രാജ്യങ്ങളും ഇളവുകളിലേക്ക് കടക്കുന്നത്.
ലോകത്ത് കൊവിഡ് 19 ഏറ്റവും കൂടുതൽ നാശം വിതച്ച ഇറ്റലിയിൽ രണ്ട് മാസമായി തുടരുന്ന ലോക്ക് ഡൗണിന് ഇളവുകൾ വരുത്തിയിരിക്കുകയാണ്. സ്കൂളുകളും മാളുകളും അടഞ്ഞു കിടക്കുകയാണെങ്കിലും ഏകദേശം 4.5 ദശലക്ഷം ജനങ്ങൾ കഴിഞ്ഞ ദിവസം മുതൽ ജോലിയിലേക്ക് മടങ്ങി പ്രവേശിച്ചിരിക്കുകയാണ്. ഇറ്റലിയിൽ സ്കൂളുകൾ സെപ്റ്റംബർ വരെ അടഞ്ഞു കിടക്കും. മേയ് 18 ഓടെ മ്യൂസിയങ്ങൾ തുറന്നേക്കും.
ഗ്രീസ്, പോർച്ചുഗൽ, ജർമനി, സ്പെയിൻ, നൈജീരിയ, അസർബെയ്ജാൻ, മലേഷ്യ, ഇസ്രയേൽ, ടൂണീഷ്യ, ലെബനൻ തുടങ്ങിയ രാജ്യങ്ങളിലും തിങ്കളാഴ്ച മുതൽ ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഇതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനുള്ള പാതയിലാണ് മിക്ക രാജ്യങ്ങളും. ഫാക്ടറികൾ, നിർമാണമേഖല, പാർക്കുകൾ, ബാർബർ ഷോപ്പുകൾ, ലൈബ്രറികൾ തുടങ്ങിയ മേഖലകൾക്കാണ് പ്രധാനമായും ഇളവുകൾ നൽകിയിരിക്കുന്നത്. മാർച്ച് മാസത്തെ അപേക്ഷിച്ച് പുതിയ കൊവിഡ് കേസുകളിൽ ഉണ്ടായിരിക്കുന്ന കുറവാണ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്റെ പ്രധാന കാരണം.
മാർച്ച് പകുതി മുതൽ കുട്ടികളെ അവരവരുടെ വീടുകൾക്കുള്ളിൽ നിന്നും പുറത്തിറങ്ങാൻ അനുവദിക്കാതിരുന്നതിന് കഴിഞ്ഞാഴ്ച സ്പാനിഷ് സർക്കാർ ക്ഷമാപണം നടത്തിയിരുന്നു. ആറാഴ്ചകൾക്ക് ശേഷം, ഏപ്രിൽ 26 മുതൽ സ്പെയിനിൽ കുട്ടികളെ വീടിനു പുറത്തിറക്കാൻ അനുമതി നൽകിയിരുന്നു. രക്ഷകർത്താക്കളിൽ ഒരാൾക്കൊപ്പം കുട്ടികൾക്ക് പുറത്ത് നടക്കാൻ പോകാം. വീടിനുള്ളിൽ തുടരുന്ന മറ്റുള്ളവർക്ക് പുറത്ത് നടക്കാൻ പോകാനും വ്യായാമം ചെയ്യാനുമുള്ള അനുമതി ശനിയാഴ്ച മുതൽ നടപ്പാക്കിയിരുന്നു. ചെറുകിട സ്ഥാപനങ്ങൾക്ക് പുറമേ ഹെയർ ഡ്രസിംഗ് സലൂണുകളും തിങ്കളാഴ്ച മുതൽ സ്പെയിനിൽ വീണ്ടും തുറന്നിരിക്കുകയാണ്. കർശന നിയന്ത്രണങ്ങളോടെ ഒരാൾക്ക് വീതമാണ് സലൂണുകളിൽ സേവനം ലഭ്യമാക്കുന്നത്. ബാറുകളിലും റസ്റ്റോറന്റുകളിലും പാഴ്സൽ സർവീസുകൾ ആരംഭിച്ചു. മാഡ്രിഡ് മെട്രോ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങളിൽ ആളുകൾക്ക് പൊലീസ് സൗജന്യ മാസ്ക് വിതരണം ചെയ്യുന്നുണ്ട്. ഇളവുകൾ അനുവദിച്ചെങ്കിലും സ്പെയിനിലെ പല നഗരങ്ങളിലും ആൾത്തിരക്കില്ല.
യൂറോപ്പിന്റെ പടിഞ്ഞാറൻ അറ്റത്തുള്ള ഐസ്‌ലൻഡിലും ഹെയർ സലൂണുകളുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആറ് ആഴ്ചത്തെ ലോക്ക് ഡൗണിന് ശേഷം ഹൈസ്കൂൾ ക്ലാസുകൾ പുനരാരംഭിച്ചു. ഡന്റസ്റ്റുകൾക്കും ജോലി തുടരാൻ അനുമതി നൽകിയിട്ടുണ്ട്. മിഡിൽ ഈസ്റ്റ് രാജ്യമായ ലെബനനിൽ തിങ്കളാഴ്ച മുതൽ പകൽ സമയം 30 ശതമാനം പേരെ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ട് റസ്റ്റോറന്റുകൾ പ്രവർത്തിക്കാൻ തുടങ്ങി. എന്നാൽ ഒരു വിഭാഗം ഉടമകൾ സ്ഥാപനങ്ങൾ അടഞ്ഞു തന്നെ കിടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇങ്ങനെ ഉപാധികളോടെ തുറന്നു പ്രവർത്തിക്കുകയാണെങ്കിൽ തങ്ങൾ വൻ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുമെന്ന് ഇവർ പറയുന്നു. അതേ സമയം, ബാറുകളും ക്ലബുകളും ജൂൺ മാസം മുഴുവനും അടഞ്ഞു കിടക്കും.
പോർച്ചുഗലിൽ ബാർബർ ഷോപ്പുകൾ ഉൾപ്പെടെയുള്ള ചെറിയ കടകൾക്ക് തുറക്കാൻ അനുമതി നൽകി. ബുക്ക് സ്റ്റോളുകളും വർക്ക്ഷോപ്പുകളും തുറക്കും. എന്നാൽ മാളുകളും വൻകിട വ്യാപാര സ്ഥാപനങ്ങളും ജൂൺ 1വരെ അടഞ്ഞു തന്നെ കിടക്കും. മേയ് 18 മുതൽ 50 ശതമാനം ഉപഭോക്താക്കളെ ഉൾക്കൊള്ളിച്ചു കൊണ്ട് റസ്റ്റോറന്റുകൾക്ക് തുറക്കാം. പുറത്തിറങ്ങുന്നവർക്ക് മാസ്ക് കർശനമാണ്.
ഗ്രീസിൽ മദ്ധ്യ ഏഥൻസിലെ ഹാമൊസ്റ്റേർണസിൽ കഴിഞ്ഞ ദിവസം കണ്ടത് സാധാരണ ജനജീവിതമാണ്. നിരത്തിൽ ആളുകളുടെയും വാഹനങ്ങളുടെയും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഹെയർ സലൂണുകൾക്കുള്ളിൽ ഇരിക്കാനുള്ള സോഫകളിൽ കൂടാതെ പുറത്തും മുടിവെട്ടാനെത്തിയവരുടെ നീണ്ട നിരയായിരുന്നു. സൂപ്പർമാർക്കറ്റുകളിലേക്കും ഫാർമസികളിലേക്കും നിരവധി പേർ എത്തിയതോടെ അധികൃതർക്ക് നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടി വന്നു.
മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്ക് സമാനമായ ഇളവുകൾ പ്രഖ്യാപിച്ച ജർമനിയിൽ ചില ചെറു മ്യൂസിയങ്ങൾ വൻ സുരക്ഷാ മുൻകരുതലുകളോടെ വീണ്ടും തുറന്നിട്ടുണ്ട്. സ്കൂളുകളിൽ ചില ക്ലാസുകൾ ഭാഗികമായി തുടങ്ങിയിട്ടുണ്ട്. ഫുട്ബോൾ മാച്ചുകൾ, ഫെസ്റ്റിവലുകൾ, സംഗീത പരിപാടികൾ തുടങ്ങിയ സംഘടിപ്പിക്കുന്ന കാര്യം ആഗസ്റ്റ് 31ന് ശേഷമേ ജർമനിയിൽ പരിഗണിക്കുകയുള്ളു. സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, നെതർലൻഡ്സ്, ബെൽജിയം തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും ഘട്ടം ഘട്ടമായി ഇളവുകൾ നൽകിക്കൊണ്ടിരിക്കുകയാണ്.