migrant-workers-kerala-

തിരുവനന്തപുരം: ട്രെയിൻ സർവ്വീസുകളുടെ പേരിൽ സമൂഹമാദ്ധ്യമങ്ങളിലെ വ്യാജ പ്രചരണം വിശ്വസിച്ച് ട്രെയിൻ അന്വേഷിച്ചും, സ്റ്റേഷനിലേക്ക് പോകാൻ സഹായം അഭ്യർത്ഥിച്ചും പൊലീസ് സ്റ്റേഷനുകളിൽ അന്യ സംസ്ഥാന തൊഴിലാളികൾ കയറിയിറങ്ങുന്നു. തിരുവനന്തപുരത്ത് നിന്ന് ഝാർഖണ്ഡിലേക്ക് രണ്ട് ദിവസം ട്രെയിൻ പുറപ്പെടുകയും, വരും ദിവസങ്ങളിൽ കൂടുതൽ സർവ്വീസുകളുണ്ടെന്ന സർക്കാർ പ്രഖ്യാപനം മുതലെടുത്തും ഓരോദിവസവും ട്രെയിൻ സർവ്വീസുണ്ടെന്ന വിധത്തിൽ സമൂഹമാദ്ധ്യമങ്ങൾ വഴി തൊഴിലാളികൾക്കിടയിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഇതിന് കാരണം.

കേരളത്തിൽ നിന്ന് ബീഹാർ, അസം, ഝാർഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിവിധ സ്ഥലങ്ങളിൽ നിന്നായി നോൺസ്റ്റോപ്പ് ട്രെയിനുകൾ കഴിഞ്ഞദിവസം വരെ പുറപ്പെട്ടിരുന്നു. എന്നാൽ ഇന്നലെ ആലപ്പുഴയിൽ നിന്ന് ബീഹാറിലേക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിനിലെ യാത്രക്കാരെ സ്വീകരിക്കുന്നതിനും അവർക്കാവശ്യമായ സുരക്ഷാനടപടികൾ കൈക്കൊള്ളുന്നതിനും ബീഹാർ സർക്കാരിൽ നിന്ന് ആവശ്യമായ നടപടികൾ ഉണ്ടാകാതിരുന്നതിനാൽ ട്രെയിൻ റദ്ദാക്കിയിരുന്നു.

യാത്രക്കായി കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്നതിലെ ആശയക്കുഴപ്പവും അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രയ്ക്ക് തടസമായിരിക്കുകയാണ്. തൊഴിലാളികളുടെ യാത്രയ്ക്കായി കേരള സ‌ർക്കാർ കൂടുതൽ ട്രെയിനുകൾ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഇത് സംബന്ധിച്ചുള്ള ദക്ഷിണ റെയിൽവേയുടെ വെളിപ്പെടുത്തൽ. ഇത്തരത്തിൽ ട്രെയിൻ സർവ്വീസുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരവേ സമൂഹമാദ്ധ്യമങ്ങളിൽ ഓരോ ദിവസവും ട്രെയിനുണ്ടെന്ന വിധത്തിലുള്ള പ്രചരണമാണ് തൊഴിലാളികളെ വലയ്ക്കുന്നത്.

സമൂഹമാദ്ധ്യമങ്ങളിലെ സന്ദേശം വിശ്വസിച്ച് തിരിച്ചറിയൽ രേഖകളും, നോ‌ർക്കയിൽ രജിസ്റ്റർ ചെയ്തതിന്റെ വിശദാംശങ്ങളും, സാധനങ്ങളുമായി നാട്ടിലേക്ക് മടങ്ങാൻ നഗരത്തിലും പുറത്തുമുള്ള പൊലീസ് സ്റ്റേഷനുകളിലെത്തുന്ന ഇവരെ പ്രയാസപ്പെട്ടാണ് പൊലീസ് മടക്കി അയക്കുന്നത്. ട്രെയിൻ അനുവദിച്ചിട്ടില്ലെന്ന പൊലീസിന്റെ വാക്ക് വിശ്വസിക്കാൻ കൂട്ടാക്കാത്ത ഇവർ കഴിഞ്ഞദിവസം വെഞ്ഞാറമൂട്ടിൽ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു. വെഞ്ഞാറമൂടിന് പുറമേ നഗരത്തിലെയും റൂറലിലെയും പല പൊലീസ് സ്റ്റേഷനുകളിലും സന്ദേശം വിശ്വസിച്ച് നാട്ടിലേക്ക് മടങ്ങാമെന്ന സന്തോഷത്തിലെത്തിയ ശേഷം നിരാശരായി മടങ്ങുന്ന തൊഴിലാളികളെയാണ് കാണാൻ സാധിക്കുന്നത്.