pic

തിരുവനന്തപുരം : ഇതരസംസ്ഥാനത്ത് നിന്നും നോർക്ക രജിസ്ട്രേഷൻവഴി നാട്ടിലെത്തുന്നവർക്ക് വീടുകളിലെത്താൻ അതിർത്തികളിൽ ആരോഗ്യ സുരക്ഷാപരിശോധനയുടെ കടമ്പകളേറെ. ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള അഞ്ച് സ്ക്രീനിംഗ് ഡെസ്ക്കുകള്ളിലൂടെയാണ് എത്തിച്ചേരുന്ന ഓരോ വ്യക്തിയും കടന്നുപോകേണ്ടത്. തിരിച്ചറിയൽ രേഖകൾ പരിശോധിച്ചശേഷം ഫ്ളാഷ് തെർമോമീറ്റർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കുന്നതാണ് ആദ്യപടി. തുടർന്ന് വെർബൽ സ്കാനിംഗിന്റെ ഭാഗമായി ഒൻപത് ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി പൂരിപ്പിച്ച് വാങ്ങും.ഇവരിൽ രോഗലക്ഷണമുള്ളവരെ നേരിട്ട് ഡോക്ടേഴ്സ് ഡെസ്ക്കിലെത്തിച്ച് സാമ്പിളെടുത്ത ശേഷം ജില്ലയിലെ കൊവിഡ് കൺട്രോൾ റൂം മുഖേന ബന്ധപ്പെട്ട ആശുപത്രിയിലെ ഐസൊലേഷനിലേക്ക് മാറ്റും. പനിയില്ലാത്തവരെ റവന്യൂ ഹെൽപ്പ് ഡെസ്ക്കിലേക്കാണ് അയക്കുക .അവിടെ നിന്നും പൊലീസ് വെരിഫിക്കേഷന് ശേഷം ഗൃഹനിരീക്ഷണത്തിലാക്കും.

ഇവിടെ ക്വാറന്റൈൻ ഏത് രീതിയാണ് വേണ്ടതെന്ന് തീരുമാനിക്കുക ആരോഗ്യ വിഭാഗത്തിന്റെ തന്നെ പ്രത്യേക ഡെസ്ക്കായിരിക്കും. ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും, ഒരു വോളന്റിയറും ചേർന്ന് നടപടി ക്രമങ്ങൾ പരിശോധിച്ച ശേഷം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ തന്നെ സ്രവ പരിശോധന സാമ്പിളുകളെടുക്കും. എ.ബി.സി മാനദണ്ഡമനുസരിച്ച് എ വിഭാഗത്തിലുള്ളവരെ കൊവിഡ് ഫസ്റ്റ് ലൈൻട്രീറ്റ്മെന്റ് സെന്ററുകളിലേയ്ക്കും ബി,സി വിഭാഗങ്ങളിലുള്ളവരെ മറ്റ് ജില്ലാ ആശുപത്രികളിലേക്കോ, മെഡിക്കൽ കോളേജുകളിലേക്കോ റഫർ ചെയ്യും. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുടെ സ്രവം എടുക്കുന്നതിനായി രണ്ട് ഡോക്ടർമാരുടെ നേതൃത്വത്തിൽ സ്പെഷ്യൽ ടീമിനേയും ഏർപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനജില്ലയായ തിരുവനന്തപുരത്തെ അതിർത്തിപ്രദേശമായ ഇഞ്ചിവിളയിൽ ഇന്നലെ തമിഴ്നാട്ടിൽ നിന്നും എത്തിയത് 24 പേരാണ്.