തിരുവനന്തപുരം: അപേക്ഷകരിൽ നിന്ന് കൺഫർമേഷൻ വാങ്ങിയ പരീക്ഷകൾക്ക് മുൻഗണന നൽകാൻ പി.എസ്‍.സി യോഗം തീരുമാനിച്ചു. ലോക്ക് ഡൗൺ അവസാനിക്കുന്നതിനനുസരിച്ച് പരീക്ഷാ തീയതികൾ പ്രഖ്യാപിക്കും. ജൂൺ മുതൽ പരീക്ഷകൾ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
അതേസമയം അപേക്ഷകർ കുറവുള്ള തസ്തികകളിൽ ഓൺലൈൻ പരീക്ഷ നടത്തും. ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ നിയമനത്തിനുള്ള പരീക്ഷ ആദ്യഘട്ടത്തിൽ തന്നെ നടത്താൻ കഴിയുമോ എന്ന പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 1100 ത്തോളം അപേക്ഷകരാണ് ഈ തസ്തികയ്ക്കുള്ളത്.
അതിനാൽ പി.എസ്‍.സിയുടെ ഓൺലൈൻ കേന്ദ്രങ്ങൾ മാത്രം ഉപയോഗിച്ച് പരീക്ഷ നടത്താൻ കഴിയില്ല. അതുകൊണ്ട് എൻജിനീയറിംഗ് കോളേജുകളിലെ സൗകര്യം കൂടി പ്രയോജനപ്പെടുത്താൻ ശ്രമിക്കും. ലോക്ക്ഡൗൺകാരണം 26 പരീക്ഷളാണ് പി.എസ്‍.സിക്ക് മാറ്റിവയ്ക്കേണ്ടി വന്നത്.