private-bus-

തിരുവനന്തപുരം : ഓടാതെ കിടന്നതിനാൽ ബാറ്ററികൾ ഡൗണായി, ഒരേ കിടപ്പിൽ ടയറുകൾ വിണ്ടുകീറി, തുടർച്ചയായ വെയിലും ഇടയ്ക്കിടെയുളള മഴയിലും ബോഡികൾ ദ്രവിച്ച് പാച്ച് വർക്കായി. ലോക്ക് ഡൗണിനെ തുടർന്ന് സർവ്വീസ് അവസാനിപ്പിച്ച് വിശ്രണിക്കേണ്ടിവന്നതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം കട്ടപ്പുറത്തായ അവസ്ഥയിലായി. ഗ്രീൻസോണായി പ്രഖ്യാപിച്ച ജില്ലകളിൽ സാമൂഹ്യഅകലം പാലിച്ച് സർവ്വീസ് നടത്തുന്നതിന് ആലോചനകളുണ്ടായെങ്കിലും തുച്ഛമായ യാത്രക്കാരുമായി സർവ്വീസ് നടത്തുന്നത് നഷ്ടം കൂട്ടുമെന്നതിനാൽ ബസുകൾക്ക് കൂട്ടത്തോടെ ജി. ഫോം നൽകിയിരിക്കുകയാണ് ബസുടമകൾ.

കൊറോണ ലോക്ക് ഡൗൺ കണക്കിലെടുത്ത് പ്രത്യേകമായി ചാർജ് വർദ്ധിപ്പിക്കാനോ ഇന്ധനവിലയിലോ റോഡ് നികുതിയിലോ ഇളവ് അനുവദിക്കാനോ കൂട്ടാക്കാത്ത സാഹചര്യത്തിലാണ് നഷ്ടം പരിഹരിക്കാനുള്ള തീരുമാനം ഉണ്ടാകുംവരെ സർവ്വീസുകൾ നടത്തേണ്ടെന്ന് ബസുടമകൾ തീരുമാനിച്ചത്. ഇതിനായി സംസ്ഥാനത്തെ പന്ത്രണ്ടായിരത്തിലധികം സ്വകാര്യ ബസുടമകൾ താൽക്കാലികമായി സർവ്വീസ് അവസാനിപ്പിക്കാനുള്ള ജി..ഫോം പൂരിപ്പിച്ചു നൽകിയതായി ട്രാൻസ്പോ‌ർട്ട് കമ്മിഷണറേറ്റിൽ നിന്ന് വ്യക്തമായി.

പൊതുഗതാഗതത്തിന്റെ ഭാഗമായ എല്ലാ സ്വകാര്യബസുകളും സർവീസ് താൽക്കാലികമായി നിർത്താനുള്ള നീക്കത്തിലാണ്. ഒരുവർഷത്തേക്കുള്ള അപേക്ഷയാണ് നൽകിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ സ്വകാര്യബസുകളിൽ നല്ലൊരുഭാഗവും ഷെഡുകളിൽ വിശ്രമജീവിതത്തിലാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ലോക് ഡൗണിനെ തുടർന്ന് ഓട്ടം നിർത്തിയ ബസുകൾ സർവ്വീസ് പുനരാരംഭിക്കണമെങ്കിൽ ഓരോന്നിനും രണ്ടുലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നാണ് ബസുടമ സംഘടനാനേതാവായ ലോറൻസ് ബാബുവിന്റെ വെളിപ്പെടുത്തൽ. ലോക്ക് ഡൗൺകഴിഞ്ഞാലും പൊതുഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും എന്നതിനാലാണ് സർവ്വീസുകൾ താൽക്കാലികമായി നിർത്താനുള്ള ഉടമകളുടെ നീക്കം. സാധാരണ ശരാശരി 70 യാത്രക്കാരെ വരെ ബസുകളിൽ കൊണ്ടുപോയിരുന്നു. ലോക്ക് ഡൗൺ കഴിഞ്ഞാൽ ഈ പതിവിനുള്ള സാധ്യത കുറവാണ്. ഇത് സംബന്ധിച്ച് സർക്കാർ മാർഗരേഖകൾ വരാനിരിക്കെ സീറ്റ് ശേഷിയുടെ പകുതിപേരെ മാത്രമേ ബസുകളിൽ അനുവദിക്കാൻ സാധ്യതയുള്ളൂ. യാത്രക്കാരെ നിർത്തിക്കൊണ്ടുപോകാനും കഴിയാത്ത സാഹചര്യത്തിൽ ബസുകൾ ഓടിച്ചാൽ നഷ്‍ടം കൂടുമെന്നാണ് ബസ് ഉടമകളുടെ വെളിപ്പെടുത്തൽ.

ലോക്ക് ഡൗണിൽ പ്രതിദിനം 10 കോടിയുടെ നഷ്ടം ഈ മേഖലയിലുണ്ടാകുന്നതായാണ് കണക്ക്.സംസ്ഥാനത്തെ ബസ് ജീവനക്കാരും ദുരിതത്തിലാണ്. ഒരു ബസിൽ മിനിമം മൂന്നുജീവനക്കാരുണ്ടാവും. ക്ഷേമനിധിയിൽ അംഗമായവർക്ക് സർക്കാർ 5000 രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ക്ഷേമനിധിയിൽ അംഗമല്ലാത്ത ജീവനക്കാരുടെ എണ്ണം കൂടുതലാണ്. ജി.ഫോം നൽകിയാൽ മൂന്നുമാസത്തേക്കോ ഒരുകൊല്ലത്തേക്കോ ബസുകൾ സർവ്വീസ് നടത്താതെ കയറ്റിയിടാം. ഒരിക്കൽ കയറ്റിയിട്ടാൽ എപ്പോൾ വേണമെങ്കിലും ഉടമയ്ക്ക് ജി ഫോം പിൻവലിച്ച് ബസുകൾ റോഡിലിറക്കാനും വ്യവസ്ഥയുണ്ട്. നഷ്ടം വരാതെ ബസ് സർവീസ് നടത്താന്‍ സാധിക്കും വിധം സർക്കാർ പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ.