video-footage

ഓസ്റ്റിൻ : കൊവിഡ് 19 രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനക്കൂട്ടത്തോട് സാമൂഹ്യ അകലം പാലിക്കാൻ ആവശ്യപ്പെട്ട പാർക്ക് റേഞ്ചറെ യുവാവ് തടാകത്തിലേക്ക് തള്ളിയിട്ടു. യു.എസിലെ ടെക്സസിലാണ് സംഭവം. ടെക്സസിലെ ഓസ്റ്റിനിൽ സ്ഥിതി ചെയ്യുന്ന കോമൺസ് ഫോർഡ് റേഞ്ച് മെട്രോ പാർക്കിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

പാർക്കിലെത്തിയ കുറച്ച് പേർ ഇവിടെ വച്ച് നിയമവിരുദ്ധമായി മദ്യപിക്കുകയും പുകവലിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് റേഞ്ചറായ കാസിഡി സ്റ്റിൽവെൽ ഇവരോട് സംസാരിക്കാനെത്തിയത്. എല്ലാവരും അകലം പാലിച്ച് പിരിയണമെന്ന് റേഞ്ചർ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. വളരെ സൗമ്യതയോടെയാണ് റേഞ്ചർ ആൾക്കൂട്ടത്തോട് സംസാരിക്കുന്നത്. എന്നാൽ ഇതിനിടെ ബ്രണ്ടൻ ഹിക്ക്സ് എന്ന 25 കാരൻ റേഞ്ചറെ തടാകത്തിലേക്ക് തള്ളിയിടുകയായിരുന്നു. വീഴുന്നതിനിടെ റേഞ്ചർ ബ്രണ്ടന്റെ കയ്യിൽ പിടിച്ച് വലിച്ചതിനാൽ ബ്രണ്ടനും കാൽ വഴുതി തടാകത്തിലേക്ക് പതിച്ചിരുന്നു. കരയിലേക്ക് കയറിയ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തു.