ന്യൂഡൽഹി: ഉദ്യോഗസ്ഥരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മാനവ വിഭവശേഷി മന്ത്രാലയമടക്കം നിരവധി വകുപ്പുകളുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഡൽഹി ശാസ്ത്രിഭവന്റെ ഒരു നില അടച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതേസമയം ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 195 പേരാണ് മരിച്ചത്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. ഇതേ സമയത്തിനുള്ളിൽ 3900 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതുവരെ 12727 പേർക്ക് രോഗം ഭേദമായിട്ടുണ്ടെന്നും 32134 പേർ ചികിത്സയിൽ കഴിയുന്നുവെന്നുമാണ് കേന്ദ്ര സർക്കാരിന്റെ കണക്ക്.