സ്മാർട്ട്ഫോൺ ബ്രാന്റായ ഷവോമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പാശ്ചാത്യ മാധ്യമമായ ഫോർബ്സ്. ഷവോമി സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഡാറ്റ ചൈനീസ് കമ്പനിയ്ക്ക് കൈമാറുന്നു എന്നാണ് ആരോപണം.
സൈബർ ഗവേഷകൻ ഗാബി ക്രില്ലിംഗിന്റെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. ഇത് പ്രകാരം, ഷവോമി ഫോണിലെ ബ്രൗസർ, ഫോണിൽ ഉപയോക്താവ് നടത്തുന്ന എല്ലാതരം ബ്രൗസിംഗും റെക്കോഡ‍് ചെയ്യുകയും ഇൻകോഗിനെറ്റോ മോഡിൽ ബ്രൗസ് ചെയ്താലും ഷവോമി ഫോൺ അത് ട്രാക്ക് ചെയ്യുന്നുവെന്നുമാണ് ഗാബി ക്രില്ലിംഗ് പറയുന്നത്. ബ്രൗസിംഗ് ഹിസ്റ്ററിയും ക്യാഷെ പ്രശ്നവും ഇല്ലാതെ ഉപയോക്താവിനെ ബ്രൗസ് ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണ് ഇന്‍കോഗിനെറ്റോ മോഡ് .
ഇതിനൊപ്പം ഷവോമി ഡിവൈസ് ഫോണിൽ ചെയ്യുന്ന മറ്റ് ആക്ടിവിറ്റികളും, തുറക്കുന്ന ഫോൾഡർ സംബന്ധിച്ച കാര്യങ്ങളും റെക്കോഡ‍് ചെയ്യുന്നുണ്ട് എന്നും പഠനത്തിൽ വെളിപ്പെട്ടു. ഇത്തരത്തിൽ ശേഖരിക്കുന്ന ഡാറ്റ സിംഗപ്പൂരിലും, റഷ്യയിലും സ്ഥാപിച്ച സർവറുകളിലേക്കാണ് ശേഖരിക്കുന്നതെന്നും ഇവയുടെ ഡൊമൈൻ അഡ്രസ് ചൈനയിലെ ബീയജിംഗിലാണ് റജിസ്ടർ ചെയ്തിരിക്കുന്നതെന്നും ഫോർബ്സിലെ റിപ്പോർട്ടിൽ പറയുന്നു.
ഷവോമിയുടെ നോട്ട് 8 ലാണ് ആദ്യം ഈ സുരക്ഷാ പ്രശ്നം കണ്ടതെന്നും പിന്നീട് ഇതേ പ്രശ്നം എംഐ10, റെഡ്മീ കെ20 അടക്കമുള്ള ഫോണുകളിലും കണ്ടെത്തിയെന്നുമാണ് ഗാബി ക്രില്ലിംഗിന്റെ വാദം.
എന്നാൽ, എല്ലാ വാദങ്ങളും അസത്യമാണെന്ന പ്രതികരണവുമായി ഷവോമി രംഗത്ത് എത്തി. ഉപയോക്താക്കളുടെ സുരക്ഷ തങ്ങളുടെ കമ്പനിയുടെ പ്രധാന പരിഗണനയും കരുതലുമാണ്. ഡാറ്റ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച് ഒരോ രാജ്യത്തെയും നിയമങ്ങൾ കർശനമായി പാലിക്കുന്നുവെന്നും ഷവോമി വ്യക്തമാക്കി.