ഇസ്ലാമാബാദ് : പാകിസ്ഥാനിൽ യു.എ.ഇയിൽ നിന്നും വിമാനമാർഗം മടക്കിയെത്തിച്ച പ്രവാസികളിൽ കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കകൾ കൂട്ടുന്നു. ഏപ്രിൽ 28ന് എത്തിഹാദ് എയർവേഴ്സ് മുഖാന്തരം അബുദാബിയിൽ നിന്നും ഇസ്ലാമാബാദിലേക്കെത്തിച്ച 209 പാക് പൗരൻമാരിൽ 105 പേർക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ടെസ്റ്റ് ഫലം നെഗറ്റീവ് കാണിച്ച 79 പേരെ വീടുകളിൽ ഐസൊലേഷന് വിധേയമാക്കി. രോഗം സ്ഥിരീകരിച്ചവരെ റാവൽപിണ്ടിയിലെ ആശുപത്രിയിലേക്ക് മാറ്റി.
മറ്റ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പാക് പൗരൻമാരെ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് ഉൾപ്പെടെയുള്ളവയുടെ വിമാനത്തിൽ നാട്ടിലേക്ക് സർക്കാർ തിരികെ എത്തിച്ചു കൊണ്ടിരിക്കുകയാണ്.
ദുബായി, ഷാർജ, കൊളംബോ എന്നിവിടങ്ങളിൽ നിന്നും വിമാന മാർഗം എത്തിച്ച 190 പേരിൽ കൊവിഡ് കണ്ടെത്തിയതിന് പിന്നാലെയാണ് രാജ്യത്ത് വിദേശത്ത് നിന്നും മടങ്ങിയെത്തിയവരിൽ വീണ്ടും വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. 190 പേരിൽ 56 പേർ സിന്ധ് പ്രവശ്യയിൽ നിന്നും 24 പേർ പഞ്ചാബിൽ നിന്നുമുള്ളവരാണ്. 22 പ്രത്യേക വിമാനങ്ങളിലായി വിവിധ രാജ്യങ്ങളിൽ നിന്നും പാകിസ്ഥാനിലേക്ക് തിരിച്ചെത്തിയ 3,554 പേരിൽ കൊവിഡ് സ്ഥിരീകരിച്ച 259 പേർ പഞ്ചാബ് പ്രവിശ്യയിലുള്ളവരാണ്.
യു.എ.ഇ, ഖത്തർ, ന്യൂയോർക്ക്, കൊളംബോ എന്നിവിടങ്ങളിൽ നിന്നും ഏപ്രിൽ 28നും 29നും പാകിസ്ഥാനിലെത്തിയ 760 പേരെ പരിശോധനകൾക്ക് വിധേയമാക്കുന്നതിന് തന്നെ 14 ദിവസത്തേക്ക് വീടുകളിൽ ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്. ഇതേവരെ 21,501 പേർക്കാണ് പാകിസ്ഥാനിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 486 മരണം റിപ്പോർട്ട് ചെയ്തു. ഇന്ന് ആകെ 560 പുതിയ കൊവിഡ് കേസുകളും 10 മരണങ്ങളുമാണ് പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്തത്.