terror-attack

ശ്രീനഗർ: ജമ്മു കാശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ നാല് ജവാന്മാർക്കും രണ്ട് നാട്ടുകാർക്കും പരിക്കേറ്റു. കാശ്മീരിലെ ബ​ദ്​​ഗാമിലാണ് ഇന്ന് ജവാന്മാർക്കു നേരെ തീവ്രവാദികൾ ആക്രമണം നടത്തിയത്. ജമ്മു കാശ്മീരിലെ ദോഡയിൽ ഒരു ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ പിടിയിലായി. സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇയാൾ പിടിയിലായത്.

ജമ്മു കാശ്മീരിൽ ഇന്നലെ ഒരേ സമയം രണ്ടിടത്ത് ഭീകരർ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇന്ന് ബദ്​ഗാമിൽ നിന്ന് വീണ്ടും ഭീകരാക്രമണ വാർത്ത പുറത്തുവന്നിരിക്കുന്നത്. ബുദ്ഗാമിൽ പവർ സ്റ്റേഷന് കാവൽ നിന്ന സി.ഐ.എസ്.എഫ് ജവാൻമാർക്ക് നേരേയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. ഇതിൽ ഒരു ജവാന് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഹന്ദ്വാരയിൽ സി.ആർ.പി.എഫ് ജവാൻമാർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് ജവാൻമാർ കൊല്ലപ്പെട്ടു. മേഖലയിൽ പെട്രോളിംഗ് നടത്തുകയായിരുന്ന സി.ആർ.പി.എഫ് ജവാൻമാർക്ക് നേരെ തീവ്രവാദികളുടെ സംഘം മറഞ്ഞിരുന്നു വെടിവയ്പ്പ് നടത്തുകയായിരുന്നുവെന്നാണ് വിവരം.