high-court

എറണാകുളം: ശമ്പള ഓര്‍ഡിനന്‍സിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശമ്പള ഓര്‍ഡിനന്‍സിന്റെ ലക്ഷ്യം വ്യക്തമാണ്. ശമ്പളം പിടിക്കുകയല്ല നീട്ടിവയ്ക്കുകയാണ് ചെയ്യുന്നത്. നിശ്ചിതസമയത്തിനുശേഷം തുക തിരികെ നല്‍കുമെന്നും കോടതി നിരീക്ഷിച്ചു. ‌ഓര്‍ഡിനന്‍സിറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. സംസ്ഥാനം കടന്നുപോകുന്നത് കേട്ടുകേള്‍വിയില്ലാത്ത സ്ഥിതിയിലൂടെ ആണെന്നും കോടതി പറഞ്ഞു. ഓര്‍ഡിനന്‍സുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് പറഞ്ഞ കോടതി എല്ലാ ഹര്‍ജികളും ഫയലില്‍ സ്വീകരിച്ചു.

ശമ്പളം പിടിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജിയിൽ കോടതിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിക്കാരുടെ വാദങ്ങൾക്കെതിരെ ശക്തമായ മറുവാദം ഉന്നയിച്ച അഡ്വക്കേറ്റ് ജനറൽ കോടതി ഇടക്കാല വിധി പുറപ്പെടുവിക്കരുതെന്നും നിലപാടെടുത്തു. ഓർഡിനൻസ് ഇറക്കാൻ സർക്കാരിന് അധികാരം ഉണ്ടോ എന്ന്‌ കോടതി ചോദിച്ചു. നിയമ നിർമ്മാണം നടത്താൻ സർക്കാരിന് അധികാരം ഉണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ മറുപടി നൽകി. ഓർഡിനൻസ് നിയമ സാധുതയുള്ളതാണെന്നും അടിയന്തിര സാഹചര്യത്തിൽ ഇത്തരം ഓർഡിനൻസ് ഇറക്കാമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ഓർഡിനൻസ് ഇറക്കി ശമ്പളം പിടിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജിക്കാർ വാദിച്ചത്. ആരോഗ്യ പ്രവർത്തകരെ ഇതിൽ നിന്ന് ഒഴിവാക്കണം. ജീവൻ പണയം വച്ചാണ് ഇവർ പ്രതിരോധ പ്രവർത്തനം നടത്തുന്നത്. ജീവനക്കാർ നാല് വർഷമായി ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പണം വിനിയോഗിക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് ഹർജിക്കാർ പറഞ്ഞു. നിപ, പ്രളയം തുടങ്ങിയ സന്ദർഭങ്ങളിൽ ഇത് വ്യക്തമായിരുന്നു. വേതനം എപ്പോൾ തിരികെ നൽകുമെന്ന് പറയുന്നില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.എന്നാൽ നിയമ നിർമ്മാണം ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനം അല്ലെന്ന് അഡ്വക്കേറ്റ് ജനറൽ പറഞ്ഞു.

ആരുടെയും മൗലിക അവകാശം ലംഘിക്കുന്നില്ല. ഇത്തരം കേസുകളിൽ താൽകാലിക ഉത്തരവ് നൽകരുതെന്ന് സുപ്രീം കോടതി വിധി ന്യായങ്ങളുണ്ട്. ഏപ്രിൽ മാസത്തിലെ ശമ്പളം ഓർഡിനൻസ് അനുസരിച്ചു പിടിച്ചതായും സർക്കാർ പറഞ്ഞു.

കോടതി വിധിയെ സ്വാഗതം ചെയ്ത് തോമസ് ഐസക്ക്

തിരുവനന്തപുരം: സർക്കാർ ചിന്തിച്ചതിനപ്പുറത്ത് വിധി വരില്ലെന്ന് സംശയമുണ്ടായിരുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ചിലർ കുത്തിതിരിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ്. കേരളം ഒറ്റക്കെട്ടായി കൊവിഡിനെ പ്രതിരോധിക്കുമ്പോൾ ചില രാഷ്ട്രീയ നേതാക്കൾ അതിന് വിള്ളലുണ്ടാക്കാൻ ഗവേഷണം നടത്തുകയാണെന്ന് തോമസ് ഐസക്ക് ആരോപിച്ചു. രണ്ട് ദിവസത്തിനകം കേരളത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം ഒറ്റ അക്കത്തിലെത്തും. എന്നാൽ പ്രവാസികൾ തിരിച്ച് വരികയാണ്. യഥാർത്ഥ യുദ്ധം തുടങ്ങാൻ പോകുന്നേ ഉള്ളൂ. അതിന് സർക്കാരിന് പണം ആവശ്യമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.