പാരീസ്: ഫ്രാൻസിൽ ആദ്യമായി വളർത്തുപൂച്ചയിൽ കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് രോഗം സ്ഥിരീകരിച്ച 10 പേരുടെ വളർത്തുപൂച്ചകളിൽ നടത്തിയ പരിശോധനയിലാണ് ഒരു പൂച്ചയ്ക്ക് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഈ പൂച്ചയുടെ ഉടമകളായ രണ്ട് പേരും കൊവിഡിനെ തുടർന്ന് ചികിത്സ തേടിയിരുന്നു.
ഇതോടെ പൂച്ചകളിൽ കൊവിഡ് കണ്ടെത്തിയ രാജ്യങ്ങളുടെ ലിസ്റ്റിലേക്ക് ഫ്രാൻസും ഇടം നേടിയിരിക്കുകയാണ്. യു.എസ്, ചൈന, ബെൽജിയം എന്നീ രാജ്യങ്ങളിലാണ് ഇതിനു മുമ്പ് വളർത്തു പൂച്ചകളിൽ കൊവിഡ് കണ്ടെത്തിയത്. പൂച്ചകളിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരില്ലെന്നാണ് ഗവേഷകർ പറയുന്നത്.
ലോകത്ത് ആദ്യമായി ഒരു പൂച്ചയിൽ കൊവിഡ് സ്ഥിരീകരിക്കുന്നത് മാർച്ച് അവസാനം ബെൽജിയത്തിലാണ്. തൊട്ടുപിന്നാലെ ഹോംങ്കോംഗിൽ ഒരു വളർത്തു പൂച്ചയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. ഏപ്രിൽ ആദ്യമാണ് ന്യൂയോർക്കിൽ രണ്ട് വളർത്തുപൂച്ചകൾക്ക് കൊവിഡ് കണ്ടെത്തിയത്. ഉടമകൾ ആശങ്കപ്പെടേണ്ടെന്നും എന്നാൽ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മനുഷ്യരിൽ നിന്നെന്ന പോലെ തന്നെ വളർത്തുമൃഗങ്ങളിൽ നിന്നും അകലം പാലിക്കണമെന്നും ആരോഗ്യവിദഗ്ദ്ധർ പറയുന്നു.