കല്ലമ്പലം: നാവായിക്കുളം മരുതികുന്ന്‍ ജോയി മന്ദിരത്തിൽ അനിലിന്റെ വീട്ടിൽ നിത്യസന്ദർശകയായ പെൺമയിൽ വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമാകുന്നു. സായാഹ്നങ്ങളിൽ ഇവിടേക്ക് വരുന്ന ഈ മയിൽ അനിലിന്റെ ഭാര്യ സനിതയോടും മക്കളായ ആദിത്യനോടും അഹല്യയോടും ചങ്ങാത്തം കൂടി കുറേനേരം മുറ്റത്തും വീടിനു മുകളിലും ചുറ്റിക്കറങ്ങിയ ശേഷം ഇവർ കൊടുക്കുന്ന അരി, ഗോതമ്പ് തുടങ്ങിയ ധാന്യമണികൾ ഇവരുടെ കോഴികളോടൊപ്പം ഭക്ഷിച്ച് അകലേക്ക് പറന്നുപോകും. അടുത്തിടെയായി ഈ പ്രദേശത്ത് കുരങ്ങ്, മുള്ളൻപന്നി, മരപ്പട്ടി, കാട്ടുപന്നി, മാൻ, കുറുക്കൻ തുടങ്ങിയ മൃഗങ്ങളെയും അങ്ങിങ്ങായി കണ്ടുവരുന്നുണ്ട്. ഇതിൽ കാട്ടുപന്നിയുടെ ആക്രമണത്തിന് പലരും ഇരയായിട്ടുമുണ്ട്. പന്നികളും കുരങ്ങുകളും വ്യാപകമായി കൃഷി നശിപ്പിക്കുന്നതായും പരാതിയുയരുന്നു. ലോക്ക് ഡൗൺ മൂലം റോഡുകളും കവലകളും വിജനമായതോടെയാണ് ഇവ കൂടുതലായി നാട്ടിലിറങ്ങിത്തുടങ്ങിയത്. ഇളമ്പ്രക്കോട് വനത്തിൽ നിന്നുമാകാം ഇവ വന്നുപോകുന്നതെന്ന് നാട്ടുകാർ പറയുന്നു.