
നെടുങ്കണ്ടം:ചീട്ടുകളി സംഘത്തെ പിടിക്കാനെത്തിയ പൊലീസ് അവിടത്തെ സെറ്റപ്പുകൾ കണ്ട് അന്തം വിട്ടു. ചീട്ടുകളിക്കാനെത്തുന്നവർക്ക് മാസ്‌കും ഹാൻഡ് വാഷും നിർബന്ധം.ചീട്ടുകളി സ്ഥലത്തേക്ക് കയറുന്നതിനുമുമ്പ് ഹാൻഡ് വാഷ് ഉപയോഗിച്ച് നന്നായി കൈ കഴുകണം. മാസ്‌ക് ധരിക്കാത്തവർക്ക് പ്രവേശനമില്ല. സാമൂഹ്യ അകലം പാലിച്ചുമാത്രമേ ഇരിക്കാൻ അനുവദിക്കൂ. പൊലീസ് വന്നാൽ അറിയിക്കാനായി റോഡിൽ ഫോണുമായി ആറ് ചാരന്മാർ. ഇവർക്ക് ദിവസ ശമ്പളം 400 രൂപ .
നെടുങ്കണ്ടത്തിനുസമീപം ചീനിപ്പാറയിൽ നിന്നാണ് ഇൗ ഹൈടെക് ചീട്ടുകളി സംഘത്തെ പൊലീസ് പൊക്കിയത്. കാപ്പിത്തോട്ടത്തിൽ ടോക്കൺ സംവിധാനത്തിലായിരുന്നു ചീട്ടുകളി നടത്തിയിരുന്നത്.ചീട്ടുകളിക്കാർക്കല്ലാതെ മറ്റാർക്കും കളിസ്ഥലത്തിന് അടുത്തെങ്ങും എത്താനാവുമായിരുന്നില്ല. കളിക്കാനെത്തുന്നവരിൽ സമൂഹത്തിലെ ഉന്നതർ പോലമുണ്ടായിരുന്നു.
പണവും വാഹനവുംവച്ചായിരുന്നു ചീട്ട് കളിച്ചിരുന്നത്. ലോക്ക്ഡൗൺ നിലവിൽ വന്നെങ്കിലും ചീട്ടുകളിയെ അതൊന്നും ബാധിച്ചില്ല. . 15 ദിവസമായി ചീട്ടുകളികേന്ദ്രം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ചീട്ടുകളിക്ക് ചില പൊതുപ്രവർത്തകരടക്കം എത്തിയതറിഞ്ഞാണ് പൊലീസ് പരിശോധന നടത്തിയത്. ഇതിനുമുമ്പ് ചീനിപ്പാറയിലേക്കുള്ള വഴിയിലെ വിവിധയിടങ്ങളിൽ നിലയുറപ്പിച്ചിരുന്ന ചാരന്മാരെ നെടുങ്കണ്ടം എസ്.ഐ. കെ.ദിലീപ് കുമാർ പിടികൂടി ഇവരുടെ മൊബൈൽ ഫോണുകൾ കൈക്കലാക്കിയിരുന്നു. അതോടെ നടപടി എളുപ്പത്തിലായി.സ്വകാര്യ വാഹനത്തിൽ എത്തിയാണ് ചീട്ടുകളിക്കാരെ പിടികൂടിയത്. ഏഴുപേരാണ് പിടിയിലായത്. ചിലർ ഒാടിരക്ഷപ്പെട്ടു. പണവും വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. പ്രദേശത്തെ മറ്റുചില ചീട്ടുകളി കേന്ദ്രങ്ങളിലും പൊലീസ് പരിശോധന നടത്തി.