സോൾ : 'കിം ജോഗ് ഉന്നിന് വളരെ ഗുരുതരമായ അസുഖമാണ്. എഴുന്നേറ്റ് നില്ക്കാൻ പോലുമാകില്ല...' ഒരു മുൻ ഉത്തരകൊറിയൻ നയതന്ത്രജ്ഞൻ തേ യോംഗ് ഹോയുടെ വാക്കുകൾ. എന്നാൽ പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് കിം വീണ്ടും പ്രത്യക്ഷപ്പെട്ടു. രാജ്യത്തെ ഒരു ഫെർട്ടിലൈസർ നിർമാണ ഫാക്ടറിയുടെ ഉദ്ഘാടനത്തിനെത്തിയ കിം സിഗരറ്റുമേന്തി കൂളായി നടക്കുന്ന ചിത്രങ്ങൾ ഉത്തര കൊറിയയുടെ ഔദ്യോഗിക മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. എന്നാലും ഈ 20 ദിവസം കിം എവിടെയായിരുന്നു എന്നാണ് ഇപ്പോൾ എല്ലാവരെയും കുഴപ്പിക്കുന്ന ചോദ്യം. തന്റെ ചുറ്റും തന്നെയുള്ളവരിൽ എത്രപേർ തന്റെ മരണം കാത്തിരിക്കുന്നുവെന്നറിയാൻ കിം മനഃപൂർവം നടത്തിയ ഒരു നാടകമാണോ ഈ തിരോധാനം. ? കിം ബോധപൂർവം പൊതുവേദികളിൽ നിന്നും വിട്ടു നിന്നതാണെന്ന് ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. മൂന്നാഴ്ചയാണ് കിം മാദ്ധ്യമങ്ങൾക്കൊന്നും പിടി നൽകാതെ കഴിഞ്ഞത്. കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചതായും ഹൃദയ ശസ്ത്രക്രിയ നടന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു.
ഇത്രയും ദിവസം യാതൊരു വിവരവും പുറത്തുവിടാതിരുന്ന ഉത്തര കൊറിയ കഴിഞ്ഞാഴ്ചയാണ് കിം ഒരു കുഴപ്പവുമില്ലാതെ നില്ക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ടത്. ജനങ്ങളുടെ പ്രതികരണം എന്താണെന്ന് അളക്കാനാണത്രെ കിം ഇത്രയും ദിവസം കാണാമറയത്ത് കഴിഞ്ഞതെന്ന് ചിലർ പറയുന്നു. തന്റെ അസാന്നിദ്ധ്യത്തിൽ ആരെങ്കിലും അധികാരം കൈയ്യടക്കാൻ ശ്രമിക്കുന്നുണ്ടോയെന്ന് അറിയാൻ കൂടിയാണ് കിം ഇങ്ങനെയൊരു ആശയം ഉപയോഗിച്ചതെന്ന് പറയുന്നു. അങ്ങനെയാണെങ്കിൽ കിം വീണെന്ന് കരുതി സന്തോഷിച്ചവർക്കൊക്കെ മുട്ടൻ പണി കിട്ടാൻ സാദ്ധ്യതയുണ്ട്. ! തനിക്ക് തടസമാണെന്ന് കണ്ടെത്തിയ അമ്മാവനെയും സൈനിക ഓഫീസറെയും വധിച്ച കിമ്മിന് കൂടെയുള്ള ശത്രുക്കളെ തുരത്താൻ അത്ര ബുദ്ധിമുട്ടില്ല.
ഇതിനിടെയിൽ കിം അതീവ ഗുരുതരാവസ്ഥയിലാണെന്നും മരിച്ചിരിക്കാമെന്നുമൊക്കെ പറഞ്ഞ് ഉത്തരകൊറിയയിൽ നിന്നും ദക്ഷിണ കൊറിയയിലേക്കും യു.എസിലേക്കും പാലാനം ചെയ്ത ' ഹൈ പ്രൊഫൈൽ ' ഉദ്യോഗസ്ഥൻമാരുടെ വിശ്വാസ്യതയ്ക്ക് കൂടി തിരിച്ചടിയായിരിക്കുകയാണ് കിമ്മിന്റെ മടങ്ങി വരവ്.
ബ്രിട്ടനിൽ ഉത്തര കൊറിയയുടെ മുൻ ഡെപ്യൂട്ടി അംബാസിഡറായ തേ യോംഗ് ഹോ ഇക്കൂട്ടത്തിൽപ്പെടുന്നു. 2016ൽ ദക്ഷിണ കൊറിയയിലേക്ക് പാലായനം ചെയ്ത തേ കഴിഞ്ഞ മാസം ദക്ഷിണ കൊറിയൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തന്റെ ഭാഗത്ത് നിന്നും കിം ഗുരുതരാവസ്ഥയിലാണെന്ന് സംബന്ധിച്ച തെറ്റായ വിവരം ഉണ്ടായതിന് തേ ക്ഷമാപണം നടത്തിയിരുന്നു. മറ്റൊരു ദക്ഷിണ കൊറിയൻ പാലർമെന്റംഗമായ ജി സിയോംഗ് ഹോ പറഞ്ഞത് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ കിം മരിച്ചെന്ന് തനിക്ക് 99 ശതമാനം ഉറപ്പുണ്ടെന്നാണ്. ജി സിയോംഗും ഉത്തര കൊറിയയിൽ നിന്നും പാലായനം ചെയ്ത് ദക്ഷിണ കൊറിയയിലെത്തിയതാണ്.
ജനപ്രതിനിധിയെന്ന നിലയ്ക്ക് തനിക്കും തെറ്റ് പറ്റിയതായും ക്ഷമ ചോദിക്കുന്നതായും ജി സിയോഗും അറിയിച്ചിരുന്നു. രണ്ട് പേരെയും വിമർശിച്ച് കൊണ്ട് ദക്ഷിണ കൊറിയയിലെ ഭരണകക്ഷികളായ ഡെമോക്രാറ്റിക് പാർട്ടി രംഗത്തെത്തിയിരുന്നു. പ്രതിരോധ, ഇന്റലിജൻസ് കമ്മിറ്റികളിൽ നിന്നും ഇവരെ പുറത്താക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇരുവർക്കുമെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമുയർന്നിരിക്കുകയാണ്. കിം യാതൊരുവിധ ശസ്ത്രക്രിയയ്ക്കും വിധേയനായിട്ടില്ലെന്നാണ് ഇപ്പോൾ ദക്ഷിണ കൊറിയ പറയുന്നത് പോലും. !