rape

വക്കം: ജൂസിൽ മദ്യം ചേർത്ത് നൽകി പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കടയ്ക്കാവൂർ കീഴാറ്റിങ്ങൽ നെടിയവിള താമര പൊയ്ക കാർത്തിക വില്ലയിൽ സന്തോഷ് (47) ആണ് കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായത്. കടയ്ക്കാവൂരിലുള്ള പെൺകുട്ടിയെ തിങ്കളാഴ്ച രാവിലെ 11 മണിയോടെ സന്തോഷ് ബൈക്കിൽ കയറ്റി കീഴാറ്റിങ്ങൽ നെടിയവിള കോളനിയിലെ വീട്ടിലെത്തിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ ഈ സമയം മുത്തശ്ശി മാത്രമേ ഉണ്ടായിരുന്നുള്ളൂ. യാത്രയ്ക്കിടെ കടയിൽ നിന്നു ജൂസ് വാങ്ങി. വീട്ടിലെത്തിയ ശേഷം, നേരത്തെ പൂന്തുറയിൽ നിന്നു വാങ്ങിവച്ചിരുന്ന മദ്യം ജൂസിൽ കലർത്തി പെൺകുട്ടിക്ക് നൽകുകയായിരുന്നു. അസ്വസ്ഥത തോന്നിയ പെൺകുട്ടി ഇറങ്ങി ഓടാൻ ശ്രമിച്ചപ്പോൾ സന്തോഷ് ബലമായി പിടിച്ച് കട്ടിലിൽ കിടത്താൻ ശ്രമിച്ചു. കുതറിയോടിയ കുട്ടി തൊട്ടടുത്ത പുരയിടത്തിൽ കണ്ട ആളിനോട് വിവരം പറയുകയും അയാൾ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് പെൺകുട്ടിയുമായി സംസാരിച്ച ശേഷം സന്തോഷിനെ കസ്റ്റഡിലെടുത്തു. പോസ്കോ പ്രകാരം കേസെടുത്തു. സി.ഐനിസാർ, എസ്.ഐവിനോദ് വിക്രമാദിത്യൻ, മുകുന്ദൻ, സന്തോഷ്, രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.