ന്യൂഡൽഹി: നീറ്റ്, ജെ.ഇ.ഇ മെയിൻ പരീക്ഷകളുടെ പുതിയ തീയതികൾ പ്രഖ്യാപിച്ചു. ജൂലായ് 26നാണ് നീറ്റ് പരീക്ഷ. ജെ.ഇ.ഇ മെയിൻ പരീക്ഷ ജൂലായ് 18 മുതൽ 23 വരെ നടത്തും. ജെ.ഇ.ഇ അഡ്വാൻസ് പരീക്ഷ ആഗസ്റ്റിൽ നടത്തുമെന്നും മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
നേരത്തെ പ്രവേശന പരീക്ഷകൾ ഏപ്രിൽ- മേയ് മാസങ്ങളിലായിട്ടാണ് നടത്താൻ തീരുമാനിച്ചിരുന്നത്. കൊവിഡ് മൂലമാണ് പരീക്ഷാ നടത്തിപ്പ് നീണ്ടത്. സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികൾ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
പ്രവേശനപരീക്ഷകൾ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ജെ.ഇ.ഇ മെയിൻ, നീറ്റ് പരീക്ഷകൾ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കും. വിദ്യാർത്ഥികളുടെ അഡ്‌മിറ്റ് കാർഡുകളും ഉടൻ ലഭ്യമാക്കും. ചില സംസ്ഥാനങ്ങളിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതു പരീക്ഷയും പൂർത്തിയായിട്ടില്ല. ലോക്ക് ഡൗൺ അവസാനിച്ചതിന് ശേഷമുള്ള സ്ഥിതിഗതികൾ കണക്കിലെടുത്താവും പരീക്ഷാ തീയതികൾ പ്രഖ്യാപിക്കുന്നത്.