ന്യൂഡൽഹി: അർദ്ധ സൈനിക വിഭാഗമായ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിലെ 45 ജവാന്മാർക്കും കൊവിഡ്. ഇതിൽ 43 പേർ ഡൽഹിയിൽ ആഭ്യന്തര സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടവരാണ്. രണ്ടുപേർ ഡൽഹി പൊലീസിനൊപ്പം ക്രമസമാധാന ചുമതലയിൽ ഏർപ്പെട്ടിരുന്നവരും. ഇതോടെ സൈനിക വിഭാഗങ്ങളിലേറെയും കൊവിഡിന്റെ പിടിയിലായി.
ഉന്നത ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സി.ആർ.പി.എഫ് ആസ്ഥാനവും,ഡൽഹിയിലെ ബിഎസ്.എഫ് ആസ്ഥാനവും കഴിഞ്ഞ ദിവസം അടച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് കിഴക്കൻ ഡൽഹിയിലെ സി.ആർ.പി.എഫ് ക്യാമ്പിലെ 68 ജവാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിലെ ബറ്റാലിയനിൽ മാത്രം 122 പേർക്കാണ് വൈറസ് ബാധ ഉണ്ടായത്. രാജ്യത്ത് ഒട്ടാകെ 127 സി.ആർ.പി.എഫ് ജവാന്മാർക്കാണ് രോഗം സ്ഥിരീകരിച്ചത്.