തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നവരെ സ്വീകരിക്കാനുള്ള സംവിധാനങ്ങൾ ജില്ലയിൽ സജ്ജമായി. ആറ് താലൂക്കുകളിൽ പ്രവാസികൾക്ക് നിരീക്ഷണത്തിൽ കഴിയാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 11,217 പേർക്ക് സർക്കാർ ചെലവിലും 6,471 പേർക്ക് സ്വന്തം ചെലവിലും ഹോട്ടലുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള സൗകര്യങ്ങൾ നിലവിൽ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഹോസ്റ്റലുകൾ, ഹോട്ടലുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവ താമസസൗകര്യത്തിനായി സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. സ്വന്തം ചെലവിൽ നിരീക്ഷണത്തിൽ കഴിയുന്നവ‌ർക്കായി 261 സ്വകാര്യ ഹോട്ടലുകളാണ് സ‌ജ്ജമാക്കിയിട്ടുള്ളത്. അപ്രതീക്ഷിതമായി കൂടുതൽ പ്രവാസികൾ എത്തിയാൽ അവരെ നിരീക്ഷണത്തിലാക്കുന്നതിനായി 178 ഹാളുകളും തയ്യാറാക്കിയിട്ടുണ്ട്. വിമാനത്താവളത്തിലെ പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടാൽ അവരെ ഇവിടെ നിന്നും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റും. നിരീക്ഷണത്തിലുള്ളവർക്ക് ആരോഗ്യ പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.