തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് ജില്ലവിട്ട് കവർച്ചയ്ക്കിറങ്ങിയ കുപ്രസിദ്ധ മോഷ്ടാവ് ബ്ളേഡ് അയ്യപ്പനെന്ന തിരുവനന്തപുരം ചിറയിൻകിഴ് തോന്നയ്ക്കൽ ഊരിക്കോളത്ത് പുത്തൻവീട്ടിൽ അയ്യപ്പൻ (30) പൊലീസിന്റെ പിടിയിലായി. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആരാധനാലയങ്ങളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തി വരുന്നതിനിടെയാണ് ഇയാൾ കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
തഴവയിലെ മൊബൈൽ കടകൾ കുത്തിത്തുറന്ന് കവർച്ച നടത്തുകയും പാവുമ്പ പാലമൂട് മണികണ്ഠ ക്ഷേത്രം, ചങ്ങൻകുളങ്ങര കൊറ്റമ്പള്ളി കുരിശടി, കുറുങ്ങപ്പള്ളി മാർ ഏലിയാ ഓർത്തഡോക്സ് ദേവാലയം, കറുത്തേരി മുക്കിലുള്ള ജമാഅത്ത് തൈക്കാവ് ഉൾപ്പെടെയുള്ള ആരാധനാലയങ്ങളുടെ കാണിക്കവഞ്ചി കുത്തിതുറക്കുകയും ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്..
കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് ബ്ളേഡ് അയ്യപ്പൻ കവർച്ചകളെല്ലാം നടത്തിയത്. കരുനാഗപ്പള്ളി സി.ഐ മഞ്ജുലാലിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്‌ഐമാരായ ജയശങ്കർ, അലോഷ്യസ്, എഎസ്ഐ ശ്രീകുമാർ, സിപിഒ രാജീവ് എന്നിവരാണ് പാവുമ്പയിൽ നിന്ന് പ്രതിയെ പിടികൂടിയത്.
ജില്ലയ്ക്ക് പുറത്തും നിരവധി കേസിലെ പ്രതിയാണ് അയ്യപ്പൻ. വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് കോടതിയിലേക്ക് പോകുംവഴി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കേസിലും പ്രതിയാണ്. കവർച്ചയ്‌ക്കിടെ പിടിക്കപ്പെട്ടാൽ ബ്ലേഡ് ഉപയോഗിച്ചു ശരീരത്ത് മുറിവേൽപ്പിച്ച് രക്ഷപ്പെടുകയാണ് ഇയാളുടെ പതിവ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.