ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ അഞ്ച് സർക്കാർ ആശുപത്രികളിൽ 49.98 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം കാലതാമസമുണ്ടായതായി അടൂർ പ്രകാശ് എം.പി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ മാത്രമാണ് ആരംഭിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. ഭരണാനുമതി നല്കിയതിലുണ്ടായ കാലതാമസം ഇനി ഉണ്ടാകരുതെന്ന് ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിർദ്ദേശം നൽകിയിരിക്കുകയാണ്. വിദേശത്തുള്ള ആറ്റിങ്ങൽ മണ്ഡലത്തിലെ പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആറ്റിങ്ങൽ കെയർ എന്നപേരിൽ ഒരു ഹെൽപ് ഡെസ്‌ക് ആരംഭിച്ച് പ്രവർത്തിക്കുന്നതായും പതിനെട്ടോളം വിദേശരാജ്യങ്ങളിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചതായും പ്രവാസികളുടെ വിവിധങ്ങളായ വിഷയങ്ങൾ ഹെൽപ് ഡെസ്കിൽ നൽകിയിട്ടുള്ള രാജ്യങ്ങളിലെ നമ്പരുകളിൽ ബന്ധപ്പെടുകയോ എം.പിയുടെ ഓഫീസ് ഹെൽപ് ഡെസ്ക് നമ്പരിൽ ബന്ധപ്പെടുകയോ ചെയ്താൽ സഹായങ്ങൾ നൽകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.