കണ്ണൂർ: ജില്ലയിൽ അദ്ധ്യാപകർക്ക് റേഷൻ കടകളുടെ മേൽനോട്ടച്ചുമതല നൽകി കളക്ടർ ഉത്തരവിട്ടു. ഹോട്ട്സ്പോട്ടായ ഇടങ്ങളിൽ ഭക്ഷ്യവിതരണം സുഗമമാക്കാനാണ് പുതിയ തീരുമാനം. സർക്കാർ ഉദ്യോഗസ്ഥർക്ക് കൊവിഡ് പ്രതിരോധ പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല നൽകണമെന്ന കേന്ദ്ര നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. റേഷൻ സാധനങ്ങൾ ഉപഭോക്താവിന് കിട്ടുന്നുണ്ടോയെന്ന് ഉറപ്പാക്കുക, ഹോംഡെലിവറിയുടെ മേൽനോട്ടം വഹിക്കുക എന്നിവയാണ് അദ്ധ്യാപകർക്കുള്ള ചുമതല.
ഹോട്ട്സ്പോട്ടുകളിലെ ഓരോ റേഷൻ കടയിലും അദ്ധ്യാപകർ ഹോം ഡെലിവറി മേൽനോട്ടം വഹിക്കണം. അതത് പ്രദേശങ്ങളിലെ അദ്ധ്യാപകരെയാണ് ഇതിനായി ഉപയോഗിക്കുക. നിലവിൽ യു.പി തലം വരെയുള്ള അദ്ധ്യാപകർക്കാണ് നിയമനം. കണ്ണൂരിൽ 23 ഇടങ്ങളിലാണ് കൊവിഡ് ഹോട്ട്സ് പോട്ടുകളുള്ളത്.