തിരുവനന്തപുരം: കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയനും കണ്ടിജന്റ് വർക്കേഴ്സ് അസോസിയേഷനും (സി.ഐ.ടി.യു) ചേർന്ന് സംസ്ഥാനത്താകെ 2,50,000 ഗ്രോബാഗുകൾ നൽകുന്നതിന്റെ വിതരണോദ്ഘാടനം മന്ത്രി എ.സി. മൊയ്‌തീൻ നിർവഹിച്ചു. ലോക്ക് ഡൗൺ കാലത്ത് കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നഗരപരിധിയിൽ 25,000 ഗ്രോബാഗുകൾ വിതരണം ചെയ്യും. കെ.എം.സി.എസ് യുവിന്റെയും തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷൻ കണ്ടിജന്റ് വർക്കേഴ്സ് അസോസിയേഷന്റെയും (സി. ഐ.ടി.യു) പ്രവർത്തകർ തൈക്കാട് മോഡൽ എൽ.പി സ്‌കൂളിലാണ് ഗ്രോബാഗ് നിർമ്മിച്ചത്. നഗരസഭയുടെ തുമ്പൂർമൂഴി എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകളിലെ വളം ഉപയോഗിച്ചാണ് ഗ്രോബാഗ് തയ്യാറാക്കിയത്. ആദ്യഘട്ടമായി ഇന്ന് മുതൽ നഗരസഭാ ജീവനക്കാരുടെ വീടുകളിൽ ഗ്രോബാഗ് എത്തിക്കും. ഉദ്ഘാടന ചടങ്ങിൽ മേയർ കെ. ശ്രീകുമാർ, സിനിമാ താരം ഇന്ദ്രൻസ്, നഗരസഭ ചെയർപേഴ്സൺമാരായ വഞ്ചിയൂർ ബാബു, എസ്. പുഷ്പലത, ഐ.പി. ബിനു. കൗൺസിലർ വിദ്യാമോഹൻ, കൃഷി ഓഫീസർ ബിനു ലാൽ, കെ.എം സി.എസ്.യു വൈസ് പ്രസിഡന്റ് എ.ബി. വിജയകുമാർ, സെക്രട്ടേറിയറ്റ് അംഗമായ എസ്.എസ്. മിനു, ജില്ലാ സെക്രട്ടറി എം. മനോജ്, യൂണിറ്റ് സെക്രട്ടറി എസ്. സജീവ്, ബി. ബോബൻ, കണ്ടിജന്റ് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി കണ്ണമ്മൂല വിജയൻ, കെ.എം സി.എസ്.യു ജനറൽ സെക്രട്ടറി പി. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.