dfh

വർക്കല: ലോക്ക് ഡൗൺ കാലത്ത് ഇലകമൺ തേരിക്കൽ കോളനി പരിസരത്തെത്തിയ പുത്തൻകുളം സ്വദേശിയുടെ ആന നാട്ടുകാരിൽ ആവേശമുണർത്തി. കൊവിഡ് വ്യാപനവും ലോക്ക് ഡൗണും കാരണം ഉത്സവങ്ങൾ അടക്കമുളള ആഘോഷങ്ങളും നിറുത്തിയതോടെ ഒന്നരമാസത്തോളമായി ആനകൾ ആനക്കൊട്ടിലിൽ നിന്ന് പുറത്തിറങ്ങുന്നില്ലായിരുന്നു. വേനൽ കടുത്ത് വെള്ളത്തിന് ക്ഷാമം അനുഭവപ്പെട്ടതോടെയാണ് കഴിഞ്ഞ ദിവസം അയിരൂർ ആറിലേക്ക് ആനയെ കുളിപ്പിക്കാൻ കൊണ്ടുപോയത്. പോകുന്ന വഴി കുറേ സമയം തേരിക്കൽ കോളനിയിലെ പൈപ്പിൻചുവട്ടിലിരുന്ന ബക്കറ്റിൽ നിന്ന് വെളളം കുടിച്ചും, നീരാടിയും നിന്നത് നാട്ടുകാർക്ക് കൗതുക കാഴ്ചയായി. പ്രദേശത്ത് നിരവധി തെങ്ങിൻതോപ്പുകളുമുണ്ട്. നിർദ്ധനരായ തേരിക്കൽ കോളനി നിവാസികൾ വിശന്നു വന്നആനയ്ക്ക് തെങ്ങോലകൾ ആവോളം നൽകിയാണ് യാത്രയാക്കിയത്.