bus

തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം പൊതുഗതാഗതം പുനരാരംഭിക്കും മുമ്പ് കെ.എസ്.ആർ.ടി.സിയുടെയും സ്വകാര്യബസുകളുടെയും നിലനിൽപ്പിന് സർക്കാർ ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തം.

ഡീസൽ സബ്സിഡിക്കൊപ്പം​, ജീവനക്കാരുടെ ശമ്പളവും സർക്കാർ നൽകണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി നേരത്തേ ഗതാഗത വകുപ്പിന് കത്ത് നൽകിയിരുന്നു. ഡീസൽ വില കുറച്ചു നൽകുകയും, നികുതികളിൽ ഇളവുകൾ വരുത്തുകയും വേണമെന്നാവശ്യപ്പെട്ട് സ്വകാര്യബസ് ഉടമകളുടെ സംഘടനകളും സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

അതേ സമയം,കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ പാക്കേ‌ജിൽ നിന്ന് സംസ്ഥാനത്തിനുള്ള വിഹിതം അറി‌ഞ്ഞിട്ടാവാം ഇവിടത്ത കാര്യങ്ങൾ തീരുമാനിക്കുകയെന്ന നിലപാടിലാണ് സംസ്ഥാന ഗതാഗത വകുപ്പ്. നഗര ഗതാഗതത്തിന് ബസുകൾ വാങ്ങുന്നതുൾപ്പെടെ ആയിരം കോടിയാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ ട്രാൻസ്പോർട്ട് സർവീസിൽ 70 ശതമാനവും സ്വകാര്യ ബസുകളായതിനാൽ കേന്ദ്ര സഹായം കുറഞ്ഞേക്കും. സ്വകാര്യ മേഖലയ്ക്കും പ്രയോജനകരമായ രീതിയിൽ കേന്ദ്രസഹായം ചോദിക്കാനാവില്ലന്ന നിലപാടിലാണ് ഗതാഗത വകപ്പ്.

സർക്കാർ പൂർണമായും തഴയുന്ന പക്ഷം, ലോക്ക് ഡൗൺ കഴിഞ്ഞാലും ബസ് സർവീസ് നടത്തേണ്ടന്ന നിലപാടിലാണ് സ്വകാര്യ ബസുടമകൾ. ഒരു വർഷത്തേക്ക് സ‌ർവീസ് നിറുത്തിവയ്ക്കുകയാണെന്ന് കാണിച്ച് 12,​683 ബസുകളുടെ ഉടമകൾ ജി.ഫാം മോട്ടോർ വാഹന വകുപ്പിന് നൽകിക്കഴിഞ്ഞു. ഇനി ആയിരത്തോളം സ്വകാര്യബസുകളാണ് ശേഷിക്കുന്നത്.