kovalam

കോവളം: കരിമീൻ ഉൾപ്പടെ വിവിധ നാടൻമീനുകളുടെ കലവറയായിരുന്ന വെള്ളായണി കായലും ഇപ്പോൾ ലോക്ക് ഡൗണിലാണ്. കഴിഞ്ഞ ഏപ്രിൽ പകുതി മുതൽ ഇവിടെ മത്സ്യസമ്പത്ത് വളരെ കുറവാണ്. ഇതുകാരണം മീൻപിടുത്തക്കാരുടെ ഉപജീവനം വഴിമുട്ടിയ അവസ്ഥയിലാണ്. കുറുവ, ആറ്റുവാള, ചെങ്കാലി, പൂന്തി, കൊഞ്ച് തുടങ്ങിയ നാടൻ ഇനം മീനുകൾ ഇപ്പോൾ കായലിലില്ലെന്ന് മീൻപിടിത്തക്കാർ പറയുന്നു. മുമ്പ് വെള്ളായണി കായലിൽ കരിമീൻ സുലഭമായിരുന്നു. ഇപ്പോൾ ചില ദിവസങ്ങളിൽ ഒന്നോ രണ്ടോ കിലോ കരിമീനെ കിട്ടാറുള്ളു. മുമ്പ് അഡാക്ക് മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നതുകൊണ്ട് മീനുകൾക്ക് ക്ഷാമം ഇല്ലായിരുന്നു. മഴക്കാലത്ത് സാധാരണമീനുകൾ കൂടുതൽ കിട്ടേണ്ടിടത്ത് കാരി, വരാൽ, ചേറ്, ആറ്റുകൊഞ്ച്, രോഹു, കട്ല, സിലോപ്പിയ തുടങ്ങിയ മീനുകളും ചെറുമീനുകളുമാണ് ഇപ്പോൾ കിട്ടുന്നത്. വരുമാനം കുറഞ്ഞതോടെ മീൻപിടിത്തക്കാർ മറ്റുജോലികൾ നോക്കിത്തുടങ്ങി. കായലിൽനിന്നു പിടിക്കുന്ന മീൻ വെള്ളായണി കായൽ മത്സ്യത്തൊഴിലാളി വികസന ക്ഷേമസഹകരണ സംഘത്തിന്റെ വിപണന സ്റ്റാളിലെത്തിച്ചാണ് വിൽക്കുന്നത്. സഹകരണസംഘത്തിൽ അംഗങ്ങൾ നിരവധിയുണ്ടെങ്കിലും ദിവസേന വള്ളത്തിൽ കുരുക്കുവലയും കട്ടവലയും ഉപയോഗിച്ച് മീൻപിടിക്കാൻ പോകുന്നത് നാല്പതോളം പേരാണ്.

വെള്ളായണി കായലിലെ മത്സ്യസമ്പത്ത് വീണ്ടും വർധിപ്പിക്കണമെങ്കിൽ ഫിഷറീസ് വകുപ്പ് ഇടപ്പെട്ട് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കണം. മത്സ്യങ്ങളുടെ പഠനത്തിനായി സർക്കാരിന്റെ നേതൃത്വത്തിൽ മത്സ്യസങ്കേതമായി വെള്ളായണി കായലിനെ സർക്കാർ അംഗീകരിച്ചിട്ടുണ്ടെങ്കിലും മത്സ്യസമ്പത്ത് നിലനിറുത്താനുള്ള പദ്ധതികളൊന്നും നടപ്പിലാക്കുന്നില്ല. നാടൻമത്സ്യങ്ങളുടെ പ്രജനനത്തിനായുള്ള പദ്ധതികൂടി കായലിൽ നടപ്പിലാക്കണം. കട്‌ല, രോഹു, മൃഗാൾ, ലേവിയ തുടങ്ങിയ മത്സ്യങ്ങൾ നിലനിൽക്കേണ്ടത് കായലിലെ വെള്ളം ശുദ്ധീകരണത്തിനും ആവശ്യമാണ്. കായലിൽ താമര വ്യാപകമായതും വെള്ളത്തിന്റെ ഗുണനിലവാരത്തിലുണ്ടായ വ്യതിയാനവുമൊക്കെ മത്സ്യസമ്പത്ത് കുറയുന്നതിന് ഇടയാക്കിയിട്ടുണ്ട്.കരിമീൻ, ചേറ്, വരാൽ, മലാവ്, പരൽ, മുള്ളി, പോരാളൻ, കണമ്പ്, ഞാങ്ങിൽ, തിലോപ്പിയ, പള്ളത്തി, ചേപ്പ് കൈലി തുടങ്ങിയ അൻപതോളം ഇനം മത്സ്യങ്ങൾ കായലിലുണ്ടായിരുന്നു

വെള്ളായണിക്കായലിന്റെ സ്വാഭാവികത നിലനിറുത്തുമെന്നും സംരക്ഷണത്തിനായി ഏകോപന സമിതി രൂപീകരിക്കുമെന്നും നിയമസഭാ പരിസ്ഥിതി സമിതി വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായിട്ടില്ല.

ഏതാനും മാസങ്ങൾക്ക് മുമ്പ് കായലിനെ സംരക്ഷിക്കാൻ സ്വസ്തി ഫൗണ്ടേഷനും ചില സന്നദ്ധ സംഘടനകളും ചേർന്ന് രണ്ടാം ഘട്ട പ്രവർത്തനങ്ങർ ആരംഭിക്കാനിരിക്കെയാണ് ലോക്ക് ഡൗൺ എത്തിയത്. അമ്പതേക്കറോളം ശുചീകരിച്ച ഭാഗം കുളവാഴയും പായലും വിഴുങ്ങി. വെള്ളായണി കായലിൽ തുടക്കം കുറിച്ച ടൂറിസം പദ്ധതികളും കോവിഡിനെത്തുടർന്ന് നിലച്ചു.

വിവിധയിനം മത്സ്യങ്ങളുടെ പഠനത്തിനും ഗവേഷണത്തിനുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വെള്ളായണി കായലിൽ ആളുകൾ എത്താറുണ്ട്. ഗുരുതരമായിക്കൊണ്ടിരിക്കുന്ന കായലിലെ മാലിന്യപ്രശ്നം കാരണം നാടൻ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതായി മുമ്പ് നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിരുന്നു. ഫിഷറീസ് വകുപ്പും അഡാക്കും നടത്തിയ സർവേയിലും ഈ കണ്ടെത്തൽ ശരിവെക്കുകയും ചെയ്തു. നേരത്തേ വെള്ളായണി കാർഷിക കോളേജിനുസമീപം പുഞ്ചപ്പാടങ്ങളിൽ നെൽക്കൃഷിയുണ്ടായിരുന്നപ്പോൾ ചെമ്മീൻ സുലഭമായിരുന്നു. ഇപ്പോൾ കായലിൽ ബ്രീഡിങ്‌ ഏരിയാ കുറഞ്ഞതും വ്യാപകമായ കുഴിക്കലും നികത്തലും ജലമലിനീകരണവും നാടൻ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെ തകിടം മറിച്ചതായി പറനങ്ങൾ പറയുന്നു.