pic

തിരുവനന്തപുരം : ഫയർഫോഴ്സ് മേധാവിയായ ഡി.ജി.പി ഹേമചന്ദ്രനുൾപ്പെടെ ഒരുഡസനോളം ഐ.പി.എസ് ഓഫീസർമാർ ഈ മാസം സർവ്വീസിൽ നിന്ന് വിരമിക്കും.ഇതോടെ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ ഒഴിവുകൾ മുപ്പതിലധികമാകും. കൊവിഡ് പ്രതിരോധമുൾപ്പെടെ സംസ്ഥാനം സങ്കീർണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ ഇത് സേനയെ പ്രതിസന്ധിയിലാക്കും. അതിനാൽ സ്ഥാനക്കയറ്റമുൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഡിജിപി സർക്കാരിന് കത്തുനൽകി.

നിലവിൽ തന്നെ കേരളത്തിൽ 23 എസ്.പി മാരുടെ ഒഴിവുണ്ട്. പുതിയ ആളുകൾ കൂടിയാകുമ്പോൾ ഒഴിവ് 31ആകും. പ്രമോഷനിലൂടെ ഐപിഎസ് റാങ്ക് നൽകുന്നതും ഡിവൈ.എസ്..പി റാങ്കിലുള്ളവരുടെ സ്ഥാനക്കയറ്റം വൈകുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. അതിനാൽ ഉടൻതന്നെ പത്ത് പേർക്ക് ഐ.പി.എസ് റാങ്കും ഏറ്റവും മുതിർന്ന ഡിവൈ.എസ്,പിമാർക്ക് എസ്.പിയായി സ്ഥാനക്കയറ്റവും നൽകണമെന്നാണ് പൊലിസ് ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ഐ.പി.എസ്. നൽകാൻ സംസ്ഥാനസർക്കാർ ശുപാർശചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനയച്ച ഏഴുപേരുടെ പട്ടികയിൽ ഒരുമാസമായിട്ടും തീരുമാനമായിട്ടില്ല.

അഗ്നിരക്ഷാവിഭാഗം മേധാവി എ. ഹേമചന്ദ്രന് പുറമേ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടർ ഡോ. ജേക്കബ് തോമസ് ,​വിജിലൻസ് എറണാകുളം സ്‌പെഷ്യൽ സെൽ എസ്.പി. വി.എൻ. ശശിധരൻ,​ എ. വിജയൻ, സാം ക്രിസ്റ്റി ഡാനിയേൽ, കെ.ബി. വേണുഗോപാൽ, കെ.എം. ആന്റണി, ജെ. സുകുമാരപിള്ള, കെ.പി. വിജയകുമാരൻ, കെ.എസ്. വിമൽ, ജെയിംസ് ജോസഫ്, വി.എം. മുഹമ്മദ് റഫീക്ക് എന്നിവരാണ് ഈമാസം വിരമിക്കുന്ന ഐ.പി.എസുകാർ.

സംസ്ഥാനത്തിന് രണ്ടു ഡി.ജി.പി. കേഡർ തസ്തികമാത്രമേ കേന്ദ്രം അനുവദിച്ചിട്ടുള്ളൂവെങ്കിലും ഡി.ജി.പി. പദവിയിൽ അഞ്ചുപേർ നിലവിലുണ്ട്. സംസ്ഥാന പൊലീസ് മേധാവി, വിജിലൻസ് ഡയറക്ടർ തസ്തികകളാണ് ഡി.ജി.പി. കേഡറിലുള്ളത്. എ.ഡി.ജി.പി. പദവിയുള്ള ഉദ്യോഗസ്ഥനാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്തുള്ളത്. വിരമിക്കുന്ന മുതിർന്ന ഐ.പി.എസുകാർക്കുപകരം എ.ഡി.ജി.പി.മാരായ ആർ. ശ്രീലേഖ, അരുൺകുമാർ സിൻഹ, ടോമിൻ തച്ചങ്കരി എന്നിവർ ഡി.ജി.പി.മാരാകും. അരുൺകുമാർ സിൻഹ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഇതിനു പകരമായി ഒരാൾക്കുകൂടി ഡി.ജി.പി.പദവി നൽകാൻ സർക്കാർ തീരുമാനിച്ചാൽ എസ്. സുധേഷ്‌കുമാറിനു സ്ഥാനക്കയറ്റം ലഭിച്ചേക്കും.

എ.ഡി.ജി.പി.മാർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന മുറയ്ക്ക് സീനിയർ ഐ.ജി.മാരായ എസ്. സുരേഷ്, ഇ.ജെ. ജയരാജ് എന്നിവർ പരിഗണിക്കപ്പെട്ടേക്കാം. സീനിയർ ഐ..ജിയായിരുന്ന എം..ആർ അജിത്കുമാറിനെ ബറ്റാലിയൻ എ.ഡി..ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.. ഈ വർഷം അവസാനത്തോടെ ആർ. ശ്രീലേഖയും ഡി.ജി.പി. പദവിയിൽനിന്നു വിരമിക്കും. നിലവിൽ സംസ്ഥാനത്ത് അമ്പതോളം ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നാണു കണക്കാക്കുന്നത്. 172 ഐ.പി.എസ്. തസ്തികയാണ് കേരളത്തിന് അനുവദിക്കപ്പെട്ടിട്ടുള്ളത്.