kovalam

കോവളം: വിഴിഞ്ഞത്ത് മാലിന്യപ്ലാന്റ് സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം. വിൻസെന്റ് എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ വിഴിഞ്ഞം ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.വി. അഭിലാഷ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശിവകുമാർ, മണ്ഡലം പ്രസിഡന്റുമാരായ മുജീബ് റഹ്മാൻ, സുജി, കൗൺസിലർ ഓമന എന്നിവർ പങ്കെടുത്തു. കോവളം നിയോജക മണ്ഡലത്തിൽ ഒരിടത്തും പ്ളാന്റ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും ലോക്ക് ഡൗണിന്റെ മറവിൽ ജനപ്രതിനിധികളെ അറിയിക്കാതെ ടെൻഡർ നടപടികളുമായി മുന്നോട്ടുപോയത് ഗൂഢാലോചനയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതിൽ നിന്നും പിന്മാറാൻ സർക്കാർ തയ്യാറായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് എം.എൽ.എ പറഞ്ഞു.