കാട്ടാക്കട: ഏപ്രിൽ - മേയ് മാസം, റബറിന് മികച്ച വില കിട്ടുന്ന കാലം. എന്നാൽ ലോക്ക് ഡൗൺ വന്നതോടെ റബർ വില താറുമാറായ നിലയിലാണ്. ഉത്പാദിപ്പിക്കുന്ന റബർ ഷീറ്രുകൾ വില്പന നടത്താൻ കഴിയാതെ കർഷകരും സംഭരിച്ചുവച്ചിരിക്കുന്നവ വില്പന നടത്താൻ കഴിയാതെ വ്യാപാരികളും ബുദ്ധിമുട്ടുകയാണ്. ഷീറ്രുകൾ വില്പന നടത്താൻ കഴിയാതെ നിരവധി ആദിവാസി- ചെറുകിട റബർ കർഷക കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. ദിവസവും മൂന്നും നാലും കിലോ റബർ പാല് ശേഖരിക്കുന്ന കർഷകരാണ് ഏറെ ദുരിതത്തിലായത്. എന്നാൽ കർഷകരും വ്യാപാരികളും ബുദ്ധിമുട്ടിലായതോടെ ഇത് മുതലെടുത്ത് ചെറിയ വിലയ്ക്ക് റബർ വാങ്ങിക്കൂട്ടുന്ന സംഘം ഇപ്പോൾ സജീവമാണെന്നും പരാതി ഉയരുന്നുണ്ട്. നിത്യ ചെലവിന് പോലും വരുമാനമില്ലാത്ത റബർ കർഷകർ കിട്ടുന്ന വിലയ്ക്ക് ഷീറ്റ് നൽകുകയാണ്. റബർ ഷീറ്റും ഒട്ടുപാലും നിസാരവിലയ്ക്ക് നൽകേണ്ട അവസ്ഥ. നിലവിൽ ലഭിക്കേണ്ടതിന്റെ പകുതി വലയ്ക്കാണ് പലപ്പോഴും ഉത്പന്നം വിൽക്കുന്നത്.
ഏപ്രിൽ അവസാനത്തോടെയുള്ള വേനൽ മഴയ്ക്ക് ശേഷമാണ് ടാപ്പിംഗ് തുടങ്ങിയത്. ഈ ഷീറ്റുകളുമായി വ്യാപാര കേന്ദ്രങ്ങളിൽ എത്തിയപ്പോഴാണ് റബർ സംഭരണത്തിലെ പ്രശ്നങ്ങളും തുടങ്ങുന്നത്. ആവശ്യസാധാനങ്ങളുടെ കടകൾ തുറക്കുന്നുണ്ടെങ്കിലും റബർ വില്പനയ്ക്കുള്ള കടകൾ വ്യാപാരികൾ തുറന്നിട്ടില്ല. ലോക്ക് ഡൗൺ കാരണം ഇവരിൽ നിന്നും ഷീറ്റ് വാങ്ങാൻ ആരും എത്താതായി. ശേഖരിച്ച ഷീറ്റുകൾ ഇപ്പോഴും വ്യാപാര കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുകയാണ്. ഈ ഷീറ്റുകൾ പൂപ്പെടുത്ത് തുടങ്ങി. പൂപ്പൽ ബാധാച്ചാൽ അത് മാറ്റാൻ ഏരെ ചെലവ് വരുമെന്നാണ് വ്യാപാരികൾ പറയുന്നത്.
വ്യാപാര കേന്ദ്രങ്ങൾ തുറക്കാൻ കഴിയാതെ കർഷകരുടെ വീടുകളിൽ റബർ കെട്ടിക്കിടക്കുകയാണ്. ഇത് മുതലെടുത്ത് റബർ വാങ്ങിക്കൂട്ടുന്നവർ കർഷകന് നൽകുന്നത് 60 മുതൽ 70 രൂപ വരെയാണ്. മുൻകാലങ്ങളിൽ വ്യാപാരികൾ സീസൺ തുടങ്ങുന്നതിന് മുൻപ് അഡ്വാൻസ് തുകനൽകി കർഷകരെ സഹായിക്കുമായിരുന്നു. എന്നാൽ ലോക്ക് ഡൗൺ വന്നതോടെ വ്യാപാരസ്ഥാപനങ്ങൾ പൂട്ടുകയും കർഷകർക്ക് പണം ലഭിക്കാതെയുമായി. ഇതോടെ ലോക്ക് ഡൗൺകാലം റബർ കർഷക കുടംബങ്ങൾ പട്ടിണിയിലുമായി.
ഇപ്രാവശ്യം ഡിസംബർ അവസാനത്തോടുകൂടി റബർ മരങ്ങൾ ഇലപൊഴിച്ചു. ഇലകൾ വന്ന് വേനൽ മഴ ലഭിച്ചതോടെ ലോക്ക് ഡൗണായി. കഴിഞ്ഞ ആഴ്ചകളിൽ ടാപ്പിംഗ് നടത്തി പാലും ഷീറ്റുമായി വില്പനയ്ക്കായി കമ്പോളത്തിലെത്തിയപ്പോഴാണ് ഇവ വാങ്ങാൻ വ്യാപാരികളില്ലെന്നറിഞ്ഞത്. ഇതോടെയാണ് കർഷകർ സ്വകാര്യ വ്യക്തികളെ തിരക്കി ചില കേന്ദ്രങ്ങളിലേക്ക് പോയത്. അവിടെ വിലയാകട്ടെ റബർ ഷീറ്റിന് ലോക്ക് ഡൗണിന് മുൻപ് ഒട്ടുപാലിനു കിട്ടിയ വിലയേക്കൾ കുറവും. നിത്യചെലവിന് പണം വേണ്ടതിനാൽ കിട്ടിയ വിലയ്ക്ക് ഷാറ്റ് നൽകേണ്ട അവസ്ഥ.