france

പാരീസ് : ഫ്രാൻസിൽ ഔദ്യോഗികമായി ആദ്യ കൊവിഡ് കേസ് സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ രാജ്യത്ത് വൈറസ് എത്തിക്കഴിഞ്ഞിരുന്നതായി പുതിയ പഠനങ്ങൾ. പാരീസിൽ പ്രവർത്തിക്കുന്ന ഒരു ആശുപത്രിയിലെ ഡോക്ടർമാരുടേതാണ് വെളിപ്പെടുത്തൽ. ഡിസംബറിൽ ഇവിടെ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിയിൽ കൊവിഡ് കണ്ടെത്തിയതായാണ് ഇവർ പറയുന്നത്. ഇത് ശരിയാണെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ ചൈനയിൽ നിന്നും വൈറസ് ബാധ ഫ്രാൻസിൽ എത്തിക്കഴിഞ്ഞിരുന്നുവെന്നാണ് മനസിലാക്കേണ്ടതെന്നും ഇവർ പറയുന്നു.

ഇന്റർനാഷണൽ ജേർണൽ ഒഫ് ആന്റിമൈക്രോബിയൽ ഏജന്റ്സിലൂടെയാണ് ഡോക്ടർമാർ പഠനം പുറത്തുവിട്ടിരിക്കുന്നത്. ജനുവരി 24നാണ് ഫ്രാൻസിൽ ഔദ്യോഗികമായി കൊവിഡ് 19 സ്ഥിരീകരിച്ചത്. എന്നാൽ ഡിസംബർ പകുതിയോടെ തന്നെ രാജ്യത്ത് വൈറസ് വ്യാപനം നടന്നിരുന്നതായും രോഗബാധിതരുടെ എണ്ണം ഇത്രയും കൂടാൻ കാരണം ഇതാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. വുഹാനിൽ പോയി വന്ന രണ്ട് പേർക്കാണ് ജനുവരി 24ന് രോഗം കണ്ടെത്തിയത്. തുടർന്ന് തീവ്രപരിചരണ വിദഗ്ദനായ ഡോ. യൂവ്സ് കോഹന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം മുമ്പ് കൊവിഡ് സമാന ലക്ഷണങ്ങളോട് കൂടി ചികിത്സയ്ക്ക് വിധേയരായവരുടെ മെഡിക്കൽ റെക്കോർഡുകൾ പരിശോധിച്ചിരുന്നു. യു.എസിലും സമാന രീതിയിലുള്ള പഠനങ്ങൾ തുടങ്ങിയിട്ടുണ്ട്. കരുതിയതിലും മുമ്പ് തന്നെ വൈറസ് വ്യാപനം രാജ്യത്ത് നടന്നിരിക്കാമെന്നാണ് യു.എസ് സംഘത്തിന്റെയും വിലയിരുത്തൽ.

ഡിസംബർ രണ്ടിനും ജനുവരി 16നും കോവിഡ് സമാന ലക്ഷണങ്ങളോടെ എത്തിയവരെയാണ് ഫ്രഞ്ച് മെഡിക്കൽ സംഘം പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവരിൽ നിന്നും ശേഖരിച്ച് വച്ചിരുന്ന സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 42 വയസുകാരനായ അൽജീരിയൻ വംശജനിൽ വൈറസ് സാന്നിദ്ധ്യം കണ്ടെത്തി. മത്സ്യവില്പനക്കാരനായ ഇയാൾ വർഷങ്ങളായി ഫ്രാൻസിലാണ് ജീവിക്കുന്നത്. 2019 ഓഗസ്റ്റിൽ ഇയാൾ അൽജീരിയ സന്ദർശിച്ചിരുന്നു. എന്നാൽ ഇയാൾ ചൈനയിൽ പോയിട്ടില്ല. ഇയാളുടെ കുട്ടിയ്ക്കും രോഗം കണ്ടെത്തിയിരുന്നു.

ചൈനയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഇയാൾക്ക് മറ്റാരെങ്കിലും നിന്നും രോഗം പകർന്നതാകാം. അതായത് ഡിസംബർ മുതൽ തന്നെ കൊവിഡ് യൂറോപ്പിൽ വേരുറപ്പിച്ചു കഴിഞ്ഞിരുന്നുവെന്ന് അർത്ഥം. ജനുവരിയിലാണ് യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.കൊവിഡ് ഏറ്റവും കൂടുതൽ നാശം ഇറ്റലിയിൽ പോലും ജനുവരി 31നാണ് ആദ്യത്തെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. റോമിലെത്തിയ രണ്ട് ചൈനീസ് ടൂറിസ്റ്റുകൾക്കാണ് രോഗബാധ കണ്ടെത്തിയത്. ഫെബ്രുവരിയിൽ വടക്കൻ ഇറ്റലിയിലെ കൊഡോന്യോയിലാണ് ആദ്യമായി സാമൂഹ്യവ്യാപനം കണ്ടെത്തിയത്.