sabu-antony

കഷ്ടകാലം വരുമ്പോഴാണ് ചില തിരിച്ചറിവുകൾ ഉണ്ടാവുകയെന്നു പറയുമല്ലോ. ലോകത്തിനാകെ നഷ്ടം വരുത്തിയ കൊവിഡ് കാലത്ത് ഓരോരുത്തർക്കും ഇത്തരം തിരിച്ചറിവുകളുണ്ടായിട്ടുണ്ടാകും. ബിസിനസ് മൊത്തത്തിൽ ലോക്കായി വീട്ടിലിരുന്ന നാളുകളിൽ നേടിയ പുതിയ അറിവുകൾ,​ പുതിയ രീതിയിൽ മുന്നോട്ടു പോകാൻ ഊർജ്ജം പകർന്നെന്നു തിരിച്ചറിയുന്നു,​ മോട്ടോർവാഹൻ വിപണന മേഖലയിലെ പ്രമുഖരായ ഇ.വി.എം ഗ്രൂപ്പിന്റെ എം.ഡി സാബു ജോണി.

ലോക്ക് ഡൗൺ നാളുകളിലും സാബു ജോണി തിരക്കിലായിരുന്നു. സൂം മീറ്റിംഗ് പോലെ പുതിയ ടെക്നോളജിയിലൂടെ പലരുമായും ബന്ധപ്പെടാൻ കഴിഞ്ഞു. നേരത്തെ യാത്രയിലൂടെ മാത്രം സാധിച്ചിരുന്നതു പലതും യാത്രാ ചെലവില്ലാതെ സാധിച്ചു. വാഹന നിർമ്മാതാക്കളുമായും സ്റ്റാഫുമായും കസ്റ്റമേഴ്സുമായുമുള്ള കൂടിക്കാഴ്ചകൾ ഓൺലൈനിലായി. ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമെന്ന് അറിയില്ലായിരുന്നു. ലോക്ക് ഡൗൺ അവസാനിച്ചാലും ഇങ്ങനെയൊക്കെത്തന്നെ തുടരാനുള്ള തീരുമാനത്തിലാണ് സാബു ജോണി.

''യാത്ര ലാഭം. അതിനു വേണ്ടുന്ന സമയവും പണവും ലാഭം. പ്രൊഡക്ട് ലോഞ്ച് വരെ ഓൺലൈനിൽ നടക്കുമെന്ന് ലോകം കണ്ട നാളുകളാണ് കടന്നുപോയത്. ലോക്ക് ഡൗണിനു മുമ്പ് ഓഫീസിൽ നിന്ന് രാത്രി ഏഴോടെ ഇറങ്ങുമായിരുന്നു. വീട്ടിലായപ്പോൾ ചിലപ്പോൾ രാത്രി പത്തിനും മീറ്രിംഗ് കാണും. എന്നും വീട്ടിൽത്തന്നെ ആയതോടെ കുട്ടികൾക്ക് സന്തോഷം. അവരുമായി കൂടുതൽ ഇടപഴകി....'' ബിസിനസിൽ തുടങ്ങി സാബു ജോണി വീട്ടുകാര്യങ്ങളിലേക്കു കടന്നു.

വ്യായാമം ശീലമാക്കിയ ആളാണ് ഞാൻ. ഇപ്പോൾ ജിം ഇല്ലാത്തതു കൊണ്ട് തൃപ്പൂണിത്തുറയിലെ നാല്പതു നില ഫ്ളാറ്റിന്റെ പടിക്കെട്ടുകൾ ദിവസവും രണ്ടു നേരം കയറിയിറങ്ങുന്നു. നല്ല വ്യായാമമാണ്. ഭാര്യ ദിവ്യ ജോസഫും മക്കളായ ടാനിയ ജോസഫും പോൾ ജോസഫും ഒപ്പം കൂടും.'' ലോക്ക് ഡൗൺ ഇളവുകൾ ലഭിച്ചതോടെ ഷോറൂമുകൾ തുറന്നുതുടങ്ങിയ സാഹചര്യത്തിൽ സാബു ജോണി ഭാവി പരിപാടികൾ പങ്കുവച്ചു

 വേണം,​ കൂടുതൽ സുരക്ഷ

ബിസിനസ് രീതിയിൽ മാറ്റം ആവശ്യമായി വന്നിരിക്കുകയാണ്. കൊവിഡ് ഭീതി ഉള്ളിടത്തോളം ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം. നമ്മുടെ ഷോറൂമുകളിൽ എത്തുന്നത് സുരക്ഷിതമാണെന്ന് കസ്റ്റമേഴ്സിനും,​ ജോലി ചെയ്യുന്നത് സുരക്ഷിതരായാണെന്ന് ജീവനക്കാർക്കും ബോദ്ധ്യമാകണം. ഷോറൂമുകളിൽ ആരോഗ്യപരിശോധന നടപ്പാക്കാനാണ് തീരുമാനം. തെർമൽ പരിശോധന നടത്തിയ ശേഷമേ ഉപഭോക്താക്കളെയും ജീവനക്കാരെയും അകത്തേക്കു പ്രവേശിപ്പിക്കൂ. സാനിട്ടൈസർ ഉണ്ടാകും. മാസ്ക് ധരിക്കാതെ എത്തുന്നവർക്ക് അതു നൽകിയാകും പ്രവേശിപ്പിക്കുക. സാമൂഹ്യ അകലം ഉറപ്പാക്കും.

വാഹനങ്ങൾ ദിവസവും രണ്ടു നേരം വൃത്തിയാക്കിയിരുന്നതാണ്. ഇനി ഓരോരുത്തരും എത്തി നോക്കിയ ശേഷവും അണുവിമുക്തമാക്കേണ്ടി വരും. ടെസ്റ്റ് ഡ്രൈവ് വാഹനങ്ങൾ ഓരോ ഡ്രൈവിനു ശേഷവും അണുവിമുക്തമാക്കും. ഇതിനൊക്കെ ചെലവഴിക്കാൻ നല്ലൊരു തുക വേണ്ടി വരും.

നികുതിയിളവ് നൽകിയേ പറ്റൂ

വാഹനമേഖല നികുതി ഇളവ് ആവശ്യപ്പെടുമ്പോൾ സർക്കാരിന് അത് നിഷേധിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. സർക്കാരിന് അത്രത്തോളം വരുമാനം നൽകുന്ന മേഖലയാണിത്. ഒരു ചെറിയ വാഹനത്തിന് 28 ശതമാനം ജി.എസ്.ടി മാത്രമുണ്ട്. അതിനൊപ്പം സർ ചാർജ്ജും സെസും കൊടുക്കണം. ലക്‌ഷ്വറി വാഹനങ്ങളാണെങ്കിൽ 48% മുതൽ 60% വരെ നികുതിയാണ്. ഇതിനു പുറമെയാണ് റോഡ് നികുതി.

ചുരുക്കത്തിൽ ഇരുചക്രവാഹനത്തിന് 35% നികുതി മാത്രമായി പോകും. ഒരു ലക്ഷത്തിന്റെ വാഹനത്തിന് 35,​000 രൂപ നികുതി. മാരുതി കാറാണെങ്കിൽ 45% ആണ് നികുതി. ബി.എം.ഡബ്ലിയു വാങ്ങുമ്പോൾ നികുതി 60%. പോർഷെ,​ ലെക്സസ് തുടങ്ങിയ ഇറക്കുമതി കാറുകളാണെങ്കിൽ കസ്റ്റംസ് ഡ്യൂട്ടി തന്നെ വിലയുടെ ഇരട്ടിയാണ്. അതിനു പുറമെ ഈ നികുതികളെല്ലാം. വാഹനങ്ങൾ ഇന്ധനം നിറയ്ക്കുമ്പോൾ സർക്കാരിന് പിന്നെയും വരുമാനം. വണ്ടിയുടെ സ‌ർവീസിന് 18% ആണ് ജി.എസ്.ടി. ഓയിൽ,​ ലൂബ്രിക്കന്റ് ,​ സ്‌പെയർപാർട്സ്... ഇതിനെല്ലാം നികതിയുണ്ട്. വാഹന കച്ചവട മേഖലയിൽ നിന്ന് ഇത്രയും നേട്ടം സർക്കാരിനുണ്ടാകുമ്പോൾ ഇത്തരം സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ഇളവുകൾ ലഭിക്കണം.

ഇപ്പോഴത്തെ അവസ്ഥയിൽ ജനത്തിന്റെ കൈവശം പണമില്ല. അതുകൊണ്ടു തന്നെ വാഹനം വാങ്ങാൻ മുമ്പത്തെപ്പോലെ തയ്യാറാകില്ല. സർക്കാർ ജി.എസ്.ടിയിൽ നല്ലൊരു കുറവ് വരുത്തിയാൽ വിൽപ്പനയുടെ തോത് കുറയുന്നതിന് തടയിടാം. ഇപ്പോൾ 15 വർഷത്തെ നികുതി ഒരുമിച്ചാണ് വാങ്ങുന്നത്. എട്ടു വർഷത്തേത് ആദ്യവും ബാക്കി പിന്നീടും എന്ന രീതിയിൽ ആക്കിയാൽ മൂന്നു മാസത്തെ ഇ.എം.ഐ അടയ്ക്കാനുള്ള കാശ് കിട്ടും. ഈ മേഖലയിൽ ഏകദേശം ഒന്നര ലക്ഷം ആളുകൾ നേരിട്ട് ജോലി ചെയ്യുന്നുണ്ട്. എണ്ണൂറോളം ഷോറൂമുകൾ സംസ്ഥാനത്തുണ്ട്. ബിഎസ് 6 ആയപ്പോൾ വണ്ടികളുടെ വില 25 ശതമാനം വരെ കൂടിയിട്ടുണ്ട്.

വൈദ്യുതി ഫിക്സഡ് ചാർജ് രണ്ടു മാസം കഴിഞ്ഞ് അടയ്ക്കണമെന്നാണ് പറ‌ഞ്ഞിരിക്കുന്നത്. ഭീമമായ തുകയാണ് അടഞ്ഞു കിടക്കുന്ന ഷോറൂമുകൾക്ക് അടയ്ക്കേണ്ടി വരിക. ഇതിലും ഇളവു വേണം.

20 വർഷം,​ നൂറ് ഷോറൂമുകൾ

20 വർഷം മുമ്പ് വൈറ്റിലയിൽ ഇ.വി.എം ഹോണ്ട എന്ന പേരിൽ തുടക്കം. അതിനു മുമ്പ് അച്ഛൻ ഇ.എം.ജോണിക്കൊപ്പം ബിസിനസിൽ സഹായിക്കുമായിരുന്നു. മർച്ചന്റ് അസോസിയേഷൻ കോതമംഗലം പ്രസിഡന്റും വ്യാപാരി വ്യവസായി ജില്ലാ ഭാരവാഹിയുമാണ് അദ്ദേഹം. അമ്മ ലീലാ ജോണി.

വാഹനവിപണിയിൽ ഭാര്യയുടെ കുടുംബക്കാർ നേരത്തെ എത്തിയിരുന്നു. ഭാര്യാപിതാവ് ടി.സി പോളാണ് എനിക്കു വേണ്ട പിന്തുണ തന്ന് ഈ രംഗത്ത് എത്തിച്ചത്. ഇപ്പോൾ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നൂറ് ഷോറൂമുകൾ. 3400 ജീവനക്കാർ. കഴിഞ്ഞ ഏപ്രിലിൽ കൊച്ചി,​ തിരുവനന്തപുരം,​ തൃശൂർ എന്നിവിടങ്ങളിലായി ബി.എം.ഡബ്ലിയു ഷോറൂമുകൾ തുറക്കാനിരുന്നതാണ്. ഇനി അത് ഓണത്തോടനുബന്ധിച്ചേ ഉള്ളൂ.

സിട്രൻ എന്ന ഫ്രഞ്ച് കമ്പനിയുടെ ഡീലർ ഇ.വി.എമ്മാണ്. അത് ജൂണിൽ തുടങ്ങാനിരുന്നത് അടുത്ത വർഷത്തേക്കു മാറ്റി. സ്കോഡയുടെ ഷോറൂം കോഴിക്കോട് തുടങ്ങാനിരുന്നതും മാറ്റി. ബിസിനസ് പഴയതുപോലെ തിരിച്ചു പിടിക്കാൻ ആറു മാസമെങ്കിലും വേണം. വില കൂടിയ വണ്ടികളുടെ ബിസിനസ് കിട്ടാൻ അടുത്ത വ‌ർഷമാകും. ഇനി ഓൺലൈൻ സെയിൽ കൂടുതൽ ശക്തമാക്കും

ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിപണി തുറക്കും. റെന്റ് എ കാർ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയതും വിപുലമാക്കും.

വാഹന ഡീലർമാരുടെ ദേശീയ കൂട്ടായ്മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷന്റെ (ഫാഡ) കേരള ചാപ്റ്റർ ചെയർമാനാണ് സാബു ജോണി. പോർഷെ, ബി.എം.ഡബ്ല്യു, ഫോക്സ് വാഗൺ,​ നിസാൻ, ഇസൂസു,​ എം.ജി,​ സ്കോഡ,​ സ്‌കാനിയ, ലെയ്ലാൻഡ്, ഡുക്കാട്ടി, ഇന്ത്യൻ മോട്ടോർസൈക്കിൾസ്, പൊളാരിസ്, ഹോണ്ട ടൂവീലേഴ്സ് തുടങ്ങിയവയുടെ ഡീലറാണ് ഇ.വി.എം.